Wednesday, December 17, 2025

സ്കൂൾ വിദ്യാർഥിനിയെ പ്രണയം നടിച്ച് വയനാട്ടിലേക്ക് കൊണ്ടുപോയി പീഡനം;രണ്ട് പേർ അറസ്റ്റിൽ

ആലപ്പുഴ:സ്കൂൾ വിദ്യാർഥിനിയെ പ്രണയം നടിച്ച് വയനാട്ടിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിൽ
രണ്ട് പേർ അറസ്റ്റിൽ.മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാർഡ് വിശാലം വീട്ടിൽ ലക്ഷ്മീനാരായണൻ (19), വയനാട് കാക്കവയൽ മുട്ടിൽ വീട്ടിൽ അഫ്സൽ (23) എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വയനാട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയ ലക്ഷ്മീ നാരായണൻ കുട്ടിയെ അവിടെ താമസിപ്പിക്കുകയായിരുന്നു. അതിനിടെ അഫ്സൽ ഇരുവർക്കും സംരക്ഷണം നൽകാനെന്ന വ്യാജേന അടുത്ത് കൂടി. അതിനുശേഷം ജോലി നൽകാമെന്ന് പറഞ്ഞ് ലക്ഷ്മീനാരായണനെ പെൺകുട്ടിയിൽ നിന്ന് അകറ്റി നിർത്തിയ ഇയാള്‍ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

പെൺകുട്ടിയും ലക്ഷ്മീനാരായണനും മൊബൈൽ ഫോണുകൾ ഉപയോഗിക്കാതിരുന്നതിനാൽ ഇവര്‍ എവിടെയാണെന്ന് കണ്ടെത്താൻ ആദ്യം കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് വയനാട്ടിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ മണ്ണഞ്ചേരി എസ്. ഐ. കെ. ആർ. ബിജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം അവിടെയെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇരുവരും ലഹരി ഉപയോഗ കേസിൽ നേരത്തേ പിടിയിലായിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

Related Articles

Latest Articles