പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയില്‍ ഇറങ്ങിയ അള്ളാഞ്ചികൊമ്പന്‍ എന്ന കാട്ടാനയെ ഉൾക്കാട്ടിലേക്ക് തുരത്തി.വാളയാര്‍ റേഞ്ചിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ദൗത്യം ഏഴരമണിക്കൂറോളമാണ് നീണ്ടത്. പടക്കം പൊട്ടിച്ച് കാട് കയറ്റിയ കാട്ടാനയെ ആദ്യം വനാതിർത്തിയിൽ എത്തിച്ചെങ്കിലും വീണ്ടും ജനവാസ മേഖലയിൽ തിരിച്ചെത്തിയിരുന്നു. ഇതോടെ ദൗത്യം വീണ്ടും സങ്കീര്‍ണമായി. പിന്നാലെ കാട് കയറ്റാനുള്ള ശ്രമം വനം വകുപ്പ് വീണ്ടും തുടർന്നു. ഇത്തരത്തിൽ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ ഉള്‍ക്കാട്ടിലേക്ക് കാട് കയറ്റി വിട്ടത്.
രണ്ടാഴ്ചയായി കഞ്ചിക്കോട് പ്രദേശത്ത് തുടർന്ന കാട്ടാന പ്രദേശത്ത് വ്യാപക കൃഷി നാശവും സൃഷ്ടിച്ചിരുന്നു. പിന്നാലെ ആനയെ തുരത്താനുള്ള തീരുമാനവുമായി വനം വകുപ്പ് രംഗത്തെത്തി. ആനയെ ഉള്‍കാട്ടിലേക്ക് തുരത്താനായി ധോണിയില്‍ നിന്ന് അഗസ്റ്റിന്‍ എന്ന കുംകിയാനയെയും സ്ഥലത്തെത്തിച്ചിരുന്നു.

