ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സർക്കാരിനും ദേവസ്വം ബോർഡിനും നൽകുന്നത് കനത്ത തിരിച്ചടി. ഉണ്ടായത് സ്വര്‍ണ കവര്‍ച്ചയെന്ന് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. സംഭവത്തിൽ വൻ ഗൂഢാലോചന നടന്നുവെന്നും വിജിലൻസ് പറയുന്നു.
കൊണ്ടുപോയതിലെ ചട്ടലംഘനങ്ങള്‍, സ്വര്‍ണമോ ചെമ്പോ എന്നതിലെ വ്യക്തതയില്ലായ്മ, തൂക്കത്തിലെ വ്യത്യാസം എന്നിങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് മറുപടി പറയാൻ സർക്കാരിനോ ദേവസ്വം ബോർഡിനോ കഴിഞ്ഞിട്ടില്ല. ദ്വാരപാലക ശിൽപ്പങ്ങളിലെ പാളികളിൽ പൊതിഞ്ഞ സ്വർണത്തിൽ വൻ കുറവ് വന്നതായാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. 2019ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് കൈമാറുമ്പോൾ പാളികളിൽ ഒന്നര കിലോ സ്വർണമുണ്ടായിരുന്നു. തിരിച്ചെത്തിച്ചപ്പോൾ 394 ഗ്രാം സ്വർണം മാത്രമാണെന്നാണ് നിർണായക കണ്ടെത്തൽ.
സ്വർണപ്പാളി വിവാദം ആദ്യമായി പുറത്ത് കൊണ്ടുവന്നത് തത്ത്വമയി ന്യൂസാണ്. പിന്നീട് വാർത്ത മുഖ്യധാരാ മാദ്ധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.2019 ൽ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറുമ്പോൾ ചെമ്പായിരുന്നുവെന്നാണ് ദേവസ്വം രേഖകളിൽ പറയുന്നത്. ഇത് മുന്നിൽ വച്ചായിരുന്നു പോറ്റിയുടെ ഇതുവരെയുള്ള പ്രതിരോധം. എന്നാൽ, വിജയ് മല്യ 1998-99 കാലത്ത് ദ്വാരക പാല ശില്പങ്ങളിൽ മാത്രം ഒന്നര കിലോ സ്വർണ്ണം പൂശിയെന്നാണ് ദേവസ്വം വിജിലൻസ് കണ്ടെത്തൽ. ശ്രീകോവിലിൽ പ്രതിഷ്ഠിച്ച എട്ട് പാളികളിലായി നാലു കിലോ സ്വർണവും പൊതിഞ്ഞു. എട്ട് പാളികളിൽ വശത്തെ രണ്ട് പാളികളും ദ്വാരപാലക ശില്പത്തിന്‍റെ എല്ലാ പാളികളും 2019ൽ പോറ്റിക്ക് കൈമാറി. ഇതെല്ലാം സ്വർണ്ണമായിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ പാളികൾ പോറ്റി തിരിച്ചെത്തിച്ചപ്പോൾ അതിലുണ്ടായിരുന്നത് 394 ഗ്രാം സ്വർണ്ണം മാത്രമാണ്. വശത്ത പാളികളിലെ സ്വർണത്തിന്‍റെ കണക്കിൽ ഇനിയും വ്യക്തത വരണം. ഇത് പരിശോധിച്ച് തിട്ടപ്പെടുത്തേണ്ടതുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്.ശബരിമലയിൽ സമർപ്പിക്കപ്പെട്ട സ്വർണ്ണം കളവ് പോയെന്നാണ് ദേവസ്വം വിജിലന്‍സിന്‍റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സ്ഥിരീകരിക്കപ്പെടുന്നത്.
ശബരിമലയില്‍ മുന്‍പുണ്ടായിരുന്നതും നിലവിലുള്ളതും വ്യത്യസ്തമായ സ്വര്‍ണപ്പാളികളാണെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയതാണ് ഏറ്റവും നിര്‍ണായകമായത്. 2019-ലുണ്ടായിരുന്ന പാളികളുടെ ചിത്രങ്ങളുമായി ഒത്തുനോക്കിയാണ് ഇവ രണ്ടും ഒന്നല്ല എന്ന നിഗമനത്തിലെത്തിയത്. 2025-ല്‍ വീണ്ടും പുതുക്കി ശബരിമലയിലെത്തിച്ച സ്വര്‍ണപ്പാളിയുമായി 2019-ലെ പാളികളെ തട്ടിച്ചുനോക്കിയാണ് പുതിയ നിഗമനത്തിലെത്തിയത്.

