വിജയദശമി ദിനത്തിൽ നിമജ്ജനത്തിനായി ദുർഗാദേവിയുടെ വിഗ്രഹങ്ങളുമായി പോയ ട്രാക്ടർ ട്രോളി തടാകത്തിലേക്ക് മറിഞ്ഞ് 11 പേർക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഖണ്ട്വ ജില്ലയിലെ പാണ്ഡന പ്രദേശത്താണ് സംഭവം. അർഡ്‌ല, ജാംലി ഗ്രാമങ്ങളിൽ നിന്നുള്ള ഏകദേശം 20-25 പേർ നിമജ്ജന ചടങ്ങുകൾക്കായി ട്രോളിയിൽ സഞ്ചരിക്കുമ്പോഴാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു കുളത്തിനടുത്തുള്ള ഒരു കൽവെർട്ടിൽ പാർക്ക് ചെയ്തിരുന്ന ട്രാക്ടർ ട്രോളി ബാലൻസ് നഷ്ടപ്പെട്ട് വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ദുരന്തത്തിൽ മുഖ്യമന്ത്രി മോഹൻ യാദവ് ദുഃഖം രേഖപ്പെടുത്തി.
“ഖാണ്ട്വയിലെ ജാംലി ഗ്രാമത്തിലും ഉജ്ജൈനിനടുത്തുള്ള ഇൻഗോറിയ പോലീസ് സ്റ്റേഷൻ പ്രദേശത്തും ദുർഗാ നിമജ്ജന ചടങ്ങിനിടെ ഉണ്ടായ അപകടങ്ങൾ അങ്ങേയറ്റം ദാരുണമാണ്. ദുഃ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നഷ്ടപരിഹാരമായി 4 ലക്ഷം രൂപ വീതം നൽകാനും, പരിക്കേറ്റവർക്ക് അടുത്തുള്ള ആശുപത്രിയിൽ ശരിയായ ചികിത്സ നൽകാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനും, ദുഃഖിതരായ കുടുംബങ്ങൾക്ക് ശക്തി നൽകുന്നതിനും ഞാൻ ദുർഗാ ദേവിയോട് പ്രാർത്ഥിക്കുന്നു.”- മോഹൻ യാദവ് പറഞ്ഞു.
സംസ്ഥാന ദുരന്ത പ്രതികരണസേനയുടെയും പ്രദേശവാസികളുടെയും സഹായത്തോടെ പത്തുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. തിരച്ചില്‍ തുടരുകയാണ്.
ആറുപേര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സ്ഥലത്തേക്ക് സംസ്ഥാന ദുരന്ത പ്രതികരണസേനയുടെ മറ്റൊരു സംഘത്തെ കൂടി അയച്ചിട്ടുണ്ടെന്ന് ഇന്ദോര്‍ റൂറല്‍ റേഞ്ച് ഐജി അറിയിച്ചു. അപകടത്തിന്റെ കാരണത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

