തെലങ്കാന: വൈറലാവാനായി മൂര്‍ഖന്‍ പാമ്പിന്റെ തല വായ്ക്കകത്താക്കി വീഡിയോ പകര്‍ത്തുന്നതിനിടെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലെ ദേശായിപേട്ട് ഗ്രാമത്തിൽ കഴിഞ്ഞ ദിവസമാണ് 20കാരൻ മരണപ്പെട്ടത്. ദേശായ്‌പേട്ടിലെ ഡബിള്‍ബെഡ്‌റൂം കോളനി നിവാസികള്‍ പാമ്പുശല്യത്തെ കുറിച്ച് സ്‌നേക് റെസ്‌ക്യൂവറായ ഗംഗാറാമിനെയും മകന്‍ ശിവരാജിനേയും അറിയിക്കുകയായിരുന്നു.
പാമ്പുപിടിത്തത്തില്‍ ഗംഗാറാം മകന്‍ ശിവരാജിന് പരിശീലനം നല്‍കിയിരുന്നു. രണ്ട് മീറ്റര്‍ നീളമുള്ള പാമ്പിനെ പിടികൂടിയ ശിവരാജ്, ഇതിനെ ഉപയോഗിച്ച് സെല്‍ഫി എടുക്കുകയും വീഡിയോ പകർത്തുകയും ചെയ്തു. ഇതിനിടെ, പാമ്പിന്റെ തല വായിലാക്കി സാഹസ വീഡിയോ പകര്‍ത്താനുള്ള ശ്രമമാണ് അപകടത്തിലേക്ക് നയിച്ചത്. മൂര്‍ഖന്‍ ശിവരാജന്റെ നാവില്‍ കടിക്കുകയും വായിലേക്ക് വിഷം ചീറ്റുകയുമായിരുന്നു. പിന്നാലെ ശിവരാജ് ബോധരഹിതനായി. ശിവരാജിനെ ഉടൻതന്നെ ബൻസ്വാഡയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ യുവാവ് മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.
ചിലയിനം മൂര്‍ഖന്‍ പാമ്പുകള്‍ക്ക് വിഷം ചീറ്റാനുള്ള കഴിവുണ്ട്. വിഷപ്പല്ലിന്റെ മുകള്‍ഭാഗത്തുള്ള ഒരു ദ്വാരത്തിലൂടെ വിഷം ചീറ്റി തെറിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ വിഷം കണ്ണില്‍ പതിഞ്ഞാല്‍ കടുത്ത വേദനയും നീറ്റലും ചിലപ്പോള്‍ അന്ധതയും സംഭവിക്കാം. ഉയര്‍ന്ന അളവ് വിഷം അവയവങ്ങളില്‍ എത്തിയാല്‍ ചിലപ്പോള്‍ ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചു എന്നും വരാം. പാമ്പുകളെ കണ്ടാല്‍ അതിനെ പിടിക്കാനും തല്ലാനും പോകാതെ വനംവകുപ്പ് ലൈസന്‍സ് ലഭിച്ച റെസ്‌ക്യൂവേഴ്‌സിന്റെ സഹായം തേടുക.

