കാബൂൾ: അഫ്ഗാനിലെ താലിബാൻ ഭരണകൂടം വനിതകൾക്ക് ഖുർആൻ പാരായണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി. പുതിയ ഉത്തരവ് പ്രകാരം, മറ്റൊരു സ്ത്രീ കേൾക്കുന്ന വിധത്തിൽ ഖുർആൻ പാരായണം ചെയ്യരുതെന്നാണ് നയം. ഇത് കൂടാതെ, തക്ബീർ മുഴക്കുന്നതും വനിതകൾക്ക് നിരോധിച്ചിരിക്കുകയാണ്.
സദ്‌ഗുണ പ്രചരണ മന്ത്രിയായ മുഹമ്മദ് ഖാലിദ് ഹനഫിയാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്. സ്ത്രീയുടെ ശബ്ദം “ഹറാം” ആയി കണക്കാക്കപ്പെടുന്നുവെന്നും മറ്റുള്ളവർക്ക്, പ്രത്യേകിച്ച് മറ്റുവനിതകൾക്ക്, അത് കേൾക്കാൻ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
താലിബാന്റെ ഭരണത്തിൽ സ്ത്രീകളോടുള്ള നിഷേധാത്മക സമീപനം കൂടുതൽ ശക്തമാകുന്നതിന്റെ പുതിയ ഉദാഹരണമാണ് ഈ ഖുർആൻ പാരായണ നിരോധനം. താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം സ്ത്രീകൾക്ക് പൊതു ഇടങ്ങളിൽ പ്രവേശനം വിലക്കപ്പെട്ടിരിക്കുകയാണ്, കൂടാതെ ആറാം ക്ലാസിന് ശേഷം വിദ്യാഭ്യാസം തുടരാനും അനുമതി ഇല്ല. താലിബാൻ സമ്പ്രദായപ്രകാരമുള്ള ശരിയത്ത് നിയമം പാലിക്കുകയാണെന്ന് ഇവർ വ്യക്തമാക്കുന്നു.
സമീപകാലത്ത്, അഫ്ഗാനിലെ മാധ്യമങ്ങളുമായി ബന്ധപ്പെട്ടും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച താലിബാൻ , ടെലിവിഷനിൽ ജീവൻ ഉള്ള വസ്തുക്കൾ ചിത്രീകരിച്ച് സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ നിരോധനവും ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം പ്രാദേശിക മാധ്യമങ്ങൾക്ക് മാത്രമാണോ അതോ വിദേശ മാധ്യമങ്ങൾക്കും ബാധകമാണോ എന്ന് വ്യക്തമല്ല.
അഫ്ഗാൻ സമൂഹം, ഏതാണ്ട് ഒരു പതിറ്റാണ്ട് മുമ്പ് വരെ പുരോഗമനപരമായ നിലപാട് പുലർത്തിയിരുന്നു. അതിൽ സ്ത്രീകളുടെ വിദ്യാഭ്യാസ നിലവാരവും വളരെ ഉയർന്നതായിരുന്നു. 1994ൽ താലിബാൻ രൂപം കൊണ്ടതും 1996ൽ ഭരണം പിടിച്ചെടുക്കുകയും ചെയ്തു. 2001-ൽ താലിബാൻ ഭരണം നഷ്ടപ്പെട്ടുവെങ്കിലും, 2021-ൽ വീണ്ടും അധികാരം തിരിച്ചുപിടിച്ചു.
താലിബാൻ അധികാരത്തിൽ ഇല്ലാതിരുന്ന കാലഘട്ടത്തിൽ, പാകിസ്താനിൽ നിന്നും പണവും പരിശീലനവും ലഭിച്ചിരുന്നതായി പറയുന്നു . പാകിസ്താനിലെ ജാമിയത്ത് ഉലമയി ഇസ്ലാമ പാഠശാലകളിലാണ് താലിബാൻ അംഗങ്ങൾക്കായുള്ള മതപരമായ പരിശീലനങ്ങൾ നൽകിയിരുന്നത്

