Saturday, December 13, 2025

വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ച സംഭവം ! ദുരൂഹതയുടെ കെട്ടഴിക്കാനാകാതെ പോലീസ്; ഫൊറന്‍സിക് വിദഗ്ധരും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥരും സ്ഥലത്ത്

കോന്നി: വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹതയയുടെ കെട്ടഴിക്കാനാകാതെ പോലീസ്. പ്രമാടം പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ ഇളകൊള്ളൂര്‍ ലക്ഷംവീട് നഗറില്‍ സോമന്റെയും വനജയുടെയും മകന്‍ മനോജാണ് കഴിഞ്ഞ ദിവസം വീടിന് തീപിടിച്ച് മരിച്ചത്. വീടിന് എങ്ങനെയാണ് തീപിടിച്ചത് എന്ന ചോദ്യത്തിനാണ് ഇതുവരെയും ഉത്തരം ലഭിക്കാത്തത്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിച്ചതെന്നാണ് മനോജിന്റെ അമ്മ വനജയുടെ മൊഴി. എന്നാല്‍, മനോജ് തന്നെ വീടിന് തീവെച്ചതാണോയെന്നാണ് പോലീസ് സംശയിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം വീട്ടില്‍ ചെറിയ തീപ്പിടിത്തമുണ്ടായിരുന്നു. വിശദമായ പരിശോധനയ്ക്കായി ഫൊറന്‍സിക് വിദഗ്ധരും ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലെ ഉദ്യോഗസ്ഥരും ഇന്ന് സ്ഥലത്തെത്തും.

ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് വീടിന് തീപിടിച്ചത്. വീട്ടിലുണ്ടായിരുന്ന വനജ ഓടിരക്ഷപ്പെടുകയായിരുന്നു.അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞനിലയില്‍ മനോജിന്റെ മൃതദേഹം കണ്ടെത്തിയത്.

സോമനും ഭാര്യ വനജയും മകന്‍ മനോജുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. മനോജ് ശബരിമലയിലെ ഹോട്ടല്‍ ജീവനക്കാരനാണ്. ഇവിടെ നിന്ന് ഇന്നലെ പുലര്‍ച്ചെയാണ് ഇയാള്‍ വീട്ടിലെത്തിയത്. വൈകുന്നേരത്തോടെ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് മദ്യപിച്ചതായും പിന്നീട് വഴക്കുണ്ടായതായും അയല്‍ക്കാര്‍ പറയുന്നുണ്ട്. ഇതിന് പിന്നാലെ രാത്രിയോടെ അച്ഛന്‍ സോമനെ മനോജ് വീട്ടില്‍നിന്ന് ഇറക്കിവിട്ടിരുന്നു. തുടർന്ന് സോമൻ ബന്ധുവീട്ടിലേക്ക് പോയി. വീടിന് തീപിടിച്ചതറിഞ്ഞ് സോമൻ പിന്നീട് മടങ്ങി വരികയായിരുന്നു.

വനജയുടെ സഹോദരന്‍ പ്രസാദിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. പ്രസാദിന്റെ ഭാര്യ 25 വര്‍ഷം മുമ്പ് കുടുംബകലഹത്തെ തുടര്‍ന്ന് വീട്ടില്‍വെച്ച് തീകൊളുത്തുകയും പിന്നാലെ കിണറ്റില്‍ചാടി മരിക്കുകയുമായിരുന്നു. അഞ്ചുവര്‍ഷം മുമ്പ് പ്രസാദിനെ വീടിന് സമീപം മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.

Related Articles

Latest Articles