Thursday, December 18, 2025

വാഹനപരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിലെ താഴ്ചയിലേക്ക് എടുത്തുചാടി യുവാവ് ! എത്തിയ കാറിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തു; അന്വേഷണം ഊർജിതമാക്കി പോലീസ്

വൈത്തിരി : ലക്കിടിയില്‍ വാഹനപരിശോധനയ്ക്കിടെ താമരശ്ശേരി ചുരത്തിലെ താഴ്ചയിലേക്ക് എടുത്തുചാടിയ യുവാവിനായി അന്വേഷണം ഊർജിതമാക്കി പോലീസ്. യുവാവ് വന്ന കാറിൽ നിന്ന് മാരക രാസലഹരിയായ എംഡിഎംഎ കണ്ടെത്തി. മലപ്പുറം തിരൂരങ്ങാടി എടക്കണ്ടത്തിൽ വീട്ടിൽ ഷഫീഖ് (30) ആണ് ഒൻപതാം വളവിന് സമീപത്തെ വ്യൂ പോയിന്റിനടുത്തുവെച്ച് താഴേയ്ക്ക് ചാടിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. എംഡിഎംഎയുടെ മൂന്ന് പാക്കറ്റുകളാണ് ഇയാൾ വന്ന കാറിൽ നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ 90 ഗ്രാമോളം എംഡിഎംഎയുമായി ഷഫീഖ് ബത്തേരി പോലീസിന്റെ പിടിയിൽ ആയിരുന്നു. കല്പറ്റയിലും ഇയാൾക്കെതിരേ കേസ് ഉണ്ട്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് ചാടിപ്പോയ ഗോവിന്ദച്ചാമിയെ പിടികൂടുന്നതിന്റെ ഭാഗമായി ജില്ലാ അതിര്‍ത്തിയില്‍ പോലീസ് വാഹന പരിശോധന നടത്തുകയായിരുന്നു. ഈ സമയം ദേശീയപാതയിലൂടെയെത്തിയ കാര്‍ കണ്ട് സംശയം തോന്നി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. വാഹനം പരിശോധിക്കാനൊരുങ്ങവെ ഷഫീഖ് ഇറങ്ങിയോടുകയും വയനാട് ഗേറ്റിനും ചുരം പോയിന്റിനും ഇടയിലുള്ള താഴ്ചയുള്ള ഭാഗത്തേക്ക് എടുത്തുചാടുകയുമായിരുന്നു. താഴേക്ക് ഊർന്നിറങ്ങി, വനത്തിനുള്ളിലേക്ക് ഓടിയ ഇയാളെ തേടി പോലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് തിരച്ചില്‍ നടത്തി.
ചാടിയ സ്ഥലത്തുനിന്നും അരകിലോമീറ്ററോളം അകലെയുള്ള ഒരു നീര്‍ച്ചാലിന് സമീപം വരെ യുവാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും തുടര്‍ന്ന് എങ്ങോട്ടാണ് പോയതെന്നത് സംബന്ധിച്ച് സൂചനകളൊന്നും ലഭിച്ചില്ല. സ്ഥലത്ത് ഡ്രോൺ പരിശോധന നടത്തി എങ്കിലും ഫലമുണ്ടായില്ല.

Related Articles

Latest Articles