കോഴിക്കോട്:മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവിനെ കൊടുവള്ളി പോലീസ് പിടികൂടി. കൊടുവള്ളി നെടുമലയിൽ എസ്ഐ അനൂപ് അരീക്കരയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനക്കിടയിലാണ് ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നായ അഞ്ചു ഗ്രാമോളം വരുന്ന എംഡിഎംഎ യുമായി കൊടുവള്ളി സ്വദേശി ജിസാറിനെ അറസ്റ്റ് ചെയ്തത്. പിടികൂടിയ ലഹരി മരുന്നിനു വിപണിയിൽ അരലക്ഷത്തോളം രൂപ വിലവരുമെന്ന് പോലീസ് അറിയിച്ചു. പ്രതിയെ ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കും.മയക്കുമരുന്ന് തൂക്കാനായി ഉപയോഗിക്കുന്ന തുലാസും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും സഹിതമാണ് ജിസാറിനെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കെ.എൽ 57 കെ 4333 നമ്പർ കാറും കസ്റ്റഡിയിലെടുത്തു.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ആർ. കറുപ്പസാമി ഐപിഎസിന്‍റെ നിർദേശപ്രകാരം താമരശ്ശേരി ഡിവൈഎസ്പി അഷ്‌റഫ് തെങ്ങിലകണ്ടിയുടെ നേതൃത്വത്തിൽ ജില്ലയില്‍ ലഹരി വിൽപ്പനക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ച് വരുന്നുണ്ട്. കൊടുവള്ളി എസ്.ഐ അനൂപ് അരീക്കര, എസ്ഐ രശ്മി.എസ്.ആർ, സീനിയർ സിവിൽപോലീസ് ഓഫീസർമാരായ ലിനീഷ്.കെ. കെ, അബ്ദുൽ റഹീം, ജയരാജൻ. എൻ. എം സിവിൽ പോലീസ് ഓഫീസറായ ഷെഫീഖ് നീലിയാനിക്കൽ, ഡ്രൈവർ സത്യരാജ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

