ബെംഗളൂരു : ബെംഗളൂരുവില്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവും ജമ്മു കശ്മീര്‍ സ്വദേശിയായ ഭാര്യയും അറസ്റ്റിൽ. സംഭവത്തിൽ മലപ്പുറം സ്വദേശി മനോജ് കുമാര്‍, ഭാര്യ ജമ്മു കശ്മീര്‍ സ്വദേശി ആരതി ശര്‍മ എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. കാറിന്റെ സൈഡ് മിററിൽ സ്‌കൂട്ടർ ഉരസിയതിന്റെ വൈരാഗ്യത്തിലായിരുന്നു ഇവരുടെ ആക്രമണം. ദർശൻ എന്ന യുവാവാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഇക്കഴിഞ്ഞ ശനിയാഴ്ചയിരുന്നു കേസിനാസ്പദമായ സംഭവം. പുട്ടേനഹള്ളിയില്‍ സുഹൃത്തിനോടൊപ്പം ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്നു ദര്‍ശന്‍. ഇതേ പാതയില്‍ കാറില്‍ യാത്രചെയ്യുകയായിരുന്നു ദമ്പതിമാര്‍. ഇവരുടെ കാറിന്റെ കണ്ണാടിയിൽ ബൈക്ക് തട്ടിയതിനെ തുടര്‍ന്ന് ചെറിയ തര്‍ക്കം ഉടലെടുത്തു. രോഷാകുലരായ ദമ്പതിമാര്‍ യുവാക്കളെ ഏകദേശം രണ്ട് കിലോമീറ്ററോളം പിന്തുടര്‍ന്ന് ബൈക്കില്‍ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.അപകടത്തിന് ശേഷം ദമ്പതിമാര്‍ ഉടന്‍ തന്നെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പിന്നീട്, കാറിന്റെ റോഡിൽ വീണ ഭാഗങ്ങള്‍ നീക്കുന്നതിന് മാസ്‌ക് ധരിച്ച് വീണ്ടും ദമ്പതിമാർ സ്ഥലത്തെത്തിയിരുന്നു. ദമ്പതിമാര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

