Sunday, December 14, 2025

വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയില്‍ വാതില്‍ അടച്ചിരുന്ന് യുവാവിന്റെ പരാക്രമം; റെയില്‍വെയ്ക്ക്ഒരു ലക്ഷം രൂപയുടെ നഷ്ടം!

പാലക്കാട്: വന്ദേഭാരത് ട്രെയിനിലെ ശുചിമുറിയില്‍ വാതില്‍ അടച്ചിരുന്ന് യുവാവ് നടത്തിയ പരാക്രമത്തിൽ റെയില്‍വെയ്ക്ക് നഷ്ടം ഏകദേശം ഒരു ലക്ഷം രൂപ. രണ്ട് മെറ്റല്‍ ലെയറുള്ള ഫാബ്രിക്കേറ്റഡ് വാതിലിന് 50,000 രൂപയാണ് വില. ഉദ്യോഗസ്ഥരുടെ ഷിഫ്റ്റ് അലവന്‍സ് 50,000 രൂപ എന്നിങ്ങനെയാണ് ഒരു ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയിരിക്കുന്നത്. യുവാവിന്റെ പരാക്രമം കാരണം ട്രെയിന്‍ 20 മിനിറ്റ് വൈകിയെന്നും റെയില്‍വെ അറിയിച്ചു.

ഉപ്പള സ്വദേശി ശരണ്‍ ആണ് കഴിഞ്ഞ ദിവസം കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട വന്ദേഭാരത് ട്രെയിനിന്റെ ശുചിമുറിയില്‍ കയറിയിരുന്നത്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. സംഭവത്തില്‍ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ഇയാളുടെ കുടുംബം ഇന്ന് സ്ഥലത്തെത്തും.

കാസര്‍ഗോഡ് നിന്നാണ് ശരണ്‍ ട്രെയിനില്‍ കയറിയത്. പിന്നീട് ശുചിമുറിയുടെ അകത്ത് കയറിയിരിക്കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട മറ്റ് യാത്രക്കാര്‍ പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടെങ്കില്‍ ശരണ്‍ തയ്യാറായില്ല. ഇതോടെ യാത്രക്കാര്‍ വിവരം ആര്‍പിഎഫിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കണ്ണൂരില്‍ വച്ചും കോഴിക്കോട് വച്ചും ഇയാളെ പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വാതില്‍ അകത്ത് നിന്ന് കയറിട്ട് കെട്ടിയതിന് ശേഷമാണ് ഇയാള്‍ അകത്തിരുന്നത്. ട്രെയിന്‍ ഷൊര്‍ണ്ണൂരില്‍ എത്തിയപ്പോഴാണ് റെയില്‍വെ മെക്കാനിക്കല്‍ വിഭാഗവും ആര്‍പിഎഫും പോലീസും ചേര്‍ന്ന് വാതില്‍ പൊളിച്ച് ഇയാളെ പുറത്തിറക്കിയത്.

Related Articles

Latest Articles