ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ അല്പശി ഉത്സവത്തിന്റെ ഭാഗമായുള്ള ആറാട്ട് ഘോഷയാത്ര നടന്നു. വള്ളക്കടവിൽ നിന്ന് വിമാനത്താവളത്തിനകത്ത് കൂടിയാണ് ഘോഷയാത്ര കടന്നു പോയത്. ആറാട്ട് ഘോഷയാത്ര കടന്നുപോകുന്നതുവരെ വിമാനത്താവളം അടച്ചിട്ടിരുനു. ഇതുകാരണം ഉച്ച തിരിഞ്ഞുള്ള ഫ്ലൈറ്റുകളുടെ സമയം പുനഃക്രമീകരിച്ചിരുന്നു. ശംഖുംമുഖത്തെ കൽമണ്ഡപത്തിലിറക്കിവച്ച വാഹനങ്ങളിൽനിന്ന് വിഗ്രഹങ്ങൾ പൂജകൾക്കുശേഷം സമുദ്രത്തിലാറാടിച്ചു. എഴുന്നള്ളത്ത് രാത്രി ക്ഷേത്രത്തിൽ തിരിച്ചെത്തിയതോടെ ഉത്സവം കൊടിയിറങ്ങി.

വൈന്നേരം അഞ്ച് മണിയോടെയാണ് ആറാട്ട് ചടങ്ങുകൾ ആരംഭിച്ചത്. ശ്രീകോവിലിൽ ദീപാരാധന കഴിഞ്ഞ് ഗരുഡവാഹനത്തിൽ ശ്രീ പത്മനാഭസ്വാമിയെയും നരസിംഹമൂർത്തിയെയും ശ്രീകൃഷ്ണസ്വാമിയെയും പുറത്തെഴുന്നള്ളിച്ചതോടെയാണ് ആറാട്ട് ഘോഷയാത്രയആരംഭിച്ചത്. തിരുവല്ലം ശ്രീപരശുരാമസ്വാമി ക്ഷേത്രം, വടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവിക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം മഹാവിഷ്ണുക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറേ നടയിലെത്തുകയും തുടർന്ന് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങുകയുമായിരുന്നു.


