മഹാരാഷ്ട്രയിലെ നാസിക്കിൽ ഫയറിംഗ് പരിശീലനത്തിനിടെ ഷെൽ പൊട്ടിത്തെറിച്ച് രണ്ട് സൈനികർ മരിച്ചു. ഗോഹിൽ വിശ്വരാജ് സിങ് (20), സൈഫത്ത് (21) എന്നീ സൈനികരാണ് മരിച്ചത്. ഷെല്ലിലെ ലോഹ ചീളുകൾ ശരീരത്തിൽ തുളഞ്ഞു കയറിയതാണ് മരണകാരണം. നാസിക് റോഡ് ഏരിയയിലെ ആര്‍ട്ടിലറി സെന്ററിലാണ് സംഭവം നടന്നത്.
അഗ്നിവീര്‍ സംഘം ഉപയോഗിച്ചിരുന്ന ഇന്ത്യന്‍ ഫീല്‍ഡ് ഗണ്ണില്‍ നിന്ന് വെടിയുതിര്‍ക്കുന്നതിനിടെ ഷെല്ലുകളിലൊന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഡിയോലാലിയിലെ എംഎച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹവില്‍ദാര്‍ അജിത് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിയോലാലി ക്യാമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

