Friday, December 12, 2025

വധശിക്ഷ വിധിക്കണമെന്നാവശ്യപ്പെട്ട് കരഞ്ഞ് പ്രതി ! പെരിയ ഇരട്ടക്കൊലക്കേസില്‍ വിധി പറയുന്നതിനിടെ കോടതിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസില്‍ വിധി പറയുന്നതിനിടെ എറണാകുളം സിബിഐ പ്രത്യേക കോടതിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. കേസിലെ 15ാം പ്രതിയായ എ സുരേന്ദ്രന്‍ തനിക്ക് വധശിക്ഷ വിധിക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. കൊലപാതകത്തില്‍ പങ്കില്ലെന്നും ഇനി ജീവിക്കാന്‍ ആഗ്രഹമില്ലെന്നും അതുകൊണ്ട് വധശിക്ഷ നല്‍കി ജീവന്‍ അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നായിരുന്നു ജഡ്ജി മുന്നില്‍ കരഞ്ഞുകൊണ്ടുള്ള പ്രതിയുടെ അപേക്ഷ.
ഗൂഢാലോചനയും കേസിലെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതുമുള്‍പ്പടെയുള്ള കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞിട്ടുള്ളത്. കുടുംബ പ്രാരാബ്ധങ്ങള്‍ നിരത്തിയും പ്രായമായ മാതാപിതാക്കളും ചെറിയ കുട്ടികളും ഉണ്ടെന്നുള്ളത് ചൂണ്ടിക്കാണിച്ചും ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് മറ്റ് പ്രതികളും ആവശ്യപ്പെട്ടു.

24 പേര്‍ പ്രതികളായ കേസില്‍ 10 പേരെ കോടതി കുറ്റവിമുക്തരാക്കി. 14 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഉദുമ മുന്‍ എം.എല്‍.എ. കെ.വി. കുഞ്ഞിരാമനും മുന്‍ ലോക്കല്‍ സെക്രട്ടറി രാഘവന്‍ വെളുത്തോളിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കുഞ്ഞിരാമന്‍ 20-ാം പ്രതിയാണ്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നു മുതല്‍ എട്ടു വരെ പ്രതികള്‍ക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.ജനുവരി മൂന്നിനാണ് കേസില്‍ ശിക്ഷ വിധിക്കുന്നത്.

കേസില്‍ 9,11,12,13,16,17,18,19,23,24 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. ശിക്ഷിക്കപ്പെട്ടവരില്‍ ആറുപേര്‍ സിപിഎം നേതാക്കളാണ്. 20 മാസത്തോളം നീണ്ട വിചാരണ നടപടികള്‍ക്കു ശേഷമാണ് കേസില്‍ വിധി വന്നത്.

മുന്‍ ലോക്കല്‍ക്കമ്മിറ്റിയംഗം എ.പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഇയാള്‍ ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ചും കെ.വി.കുഞ്ഞിരാമന്‍ ഉള്‍പ്പെടെ പത്തുപേരെ സിബിഐയുമാണ് അറസ്റ്റു ചെയ്തത്. 2019 ഫെബ്രുവരി 17-നാണ് കൊല നടന്നത്. കാസർഗോഡ് കല്യോട്ട് വെച്ച് ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും അക്രമിസംഘം കൊലപ്പെടുത്തുന്നത്. ബൈക്കിൽ പോകുകയായിരുന്ന ഇരുവരേയും പതിയിരുന്ന അക്രമിസംഘം വെട്ടി വീഴ്ത്തി. കൃപേഷ് സംഭവ സ്ഥലത്തും ശരത് ലാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു.

ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും ഈ കേസ് അന്വേഷിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ ഹൈക്കോടതി ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദ് ചെയ്ത് സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ സി.ബി.ഐ.അന്വേഷണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ശരിവെച്ച ഡിവിഷന്‍ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റ പത്രം നില നിര്‍ത്തുകയും ചെയ്തിരുന്നു.

ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീകോടതിയെ സമീപിച്ചു. അവിടെയും ഇരകള്‍ക്ക് അനുകൂല വിധിയുണ്ടായതോടെ അന്വേഷണത്തിന് സിബിഐ. എത്തുകയായിരുന്നു. ആദ്യം അറസ്റ്റിലായ 14 പേരില്‍ കെ.മണികണ്ഠന്‍, എന്‍.ബാലകൃഷ്ണന്‍, ആലക്കോട് മണി എന്നിവര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. ബാക്കി 11 പേര്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.

സിബിഐ അറസ്റ്റുചെയ്ത പത്തുപേരില്‍ കെ.വി.കുഞ്ഞിരാമനും രാഘവന്‍ വെളുത്തോളിക്കുമുള്‍പ്പെടെ അഞ്ചു പേര്‍ക്ക് ജാമ്യം ലഭിച്ചിരുന്നു. സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.രാജേഷ് ഉള്‍പ്പെടെ ബാക്കിയുള്ള അഞ്ചുപേര്‍ കാക്കനാട് ജയിലിലാണുള്ളത്.

Related Articles

Latest Articles