കോഴിക്കോട് താമരശ്ശേരിയില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നിര്‍ണായക തെളിവുകള്‍ കണ്ടെടുത്ത് പോലീസ്. ആക്രമണത്തിന് ഉപയോഗിച്ച നഞ്ചക്കും നാല് മൊബൈല്‍ ഫോണുകളുമാണ് കണ്ടെത്തിയത്. അഞ്ച് വിദ്യാര്‍ഥികളുടെ വീടുകളിലും അന്വേഷണസംഘം വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് ഒരേസമയം പരിശോധന നടത്തുകയായിരുന്നു,
ആക്രമണം നടത്താന്‍ വാട്‌സാപ്പ് ഗ്രൂപ്പും ഇന്‍സ്റ്റഗ്രാം ഗ്രൂപ്പും പ്രതികൾ ഉണ്ടാക്കിയിരുന്നു. ഇതിന് ഉപയോഗിച്ച ഫോണുകളാണ് കണ്ടെത്തിയത്. ഈ ഫോണുകള്‍ പരിശോധിക്കുന്നതിലൂടെ എങ്ങനെയാണ് പ്രതികള്‍ കൃത്യം ആസൂത്രണം ചെയ്തത്, ആരെല്ലാം ഗൂഢാലോചനയിലും ആക്രമണത്തിലും പങ്കെടുത്തു, മുതിര്‍ന്നവരുടെ സഹായം കിട്ടിയോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരും. സംഭവത്തില്‍ പ്രതികളായ അഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരേ കഴിഞ്ഞദിവസം കൊലക്കുറ്റം ചുമത്തിയിരുന്നു.
എളേറ്റില്‍ എം.ജെ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസ് (15) ആണ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മരിച്ചത്. താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇഖ്ബാല്‍-റംസീന ദമ്പതിമാരുടെ മകനാണ്.
ഞായറാഴ്ച താമരശ്ശേരിയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ യാത്രയയപ്പ് ആഘോഷത്തിനിടെ ഡാന്‍സിന്റെ പാട്ടു നിലച്ചു. ഇതിനെച്ചൊല്ലിയുള്ള നിസാര തര്‍ക്കമാണ് വലിയ ഏറ്റുമുട്ടലിലേക്കും ഒടുവില്‍ പത്താം ക്ലാസുകാരന്റെ മരണത്തിലേക്കും നയിച്ചത്. ഫോണ്‍ തകരാറിലായി പാട്ടു നിലയ്ക്കുകയും നൃത്തം തടസ്സപ്പെടുകയും ചെയ്തു. പിന്നാലെ താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍ കൂകി വിളിച്ചു.
കൂകി വിളിച്ച കുട്ടികളോട്, നൃത്തം ചെയ്ത എളേറ്റില്‍ എംജെ സ്കൂളിലെ പെണ്‍കുട്ടി ദേഷ്യപ്പെടുകയും വാക്കുതര്‍ക്കം ഉണ്ടാവുകയുമായിരുന്നു. ഈ പ്രശ്നം ട്യൂഷന്‍ സെന്റര്‍ ജീവനക്കാര്‍ ഇടപെട്ട് പരിഹരിച്ചു. എന്നാൽ, ഒരു വിഭാഗം കുട്ടികളുടെ മനസ്സില്‍ പകയും പ്രതികാരവും വിട്ടുപോയിരുന്നില്ല. വാട്സാപ്പ് ഗ്രൂപ്പുകള്‍ വഴി കണക്ക് തീര്‍ക്കണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി. ഇതാണ് നടുറോഡിലെ ഏറ്റുമുട്ടലിലേക്കും ഷഹബാസിന്റെ മരണത്തിലേക്കും എത്തിച്ചത്

