ബെംഗളൂരു : ആധുനിക ലോകത്ത് വേദങ്ങളുടെ പ്രസക്തിയും പ്രാധാന്യവും വിശദീകരിച്ച് വേദാചാര്യൻ ആചാര്യശ്രീ എം.ആർ. രാജേഷ്. ജലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ നടന്ന വേദപ്രവചന പരിപാടിയിലാണ് ആധുനിക ലോകത്ത് വേദങ്ങളുടെ അനാദിയായ ജ്ഞാനം ഉപയോഗിച്ച് ഉത്തമ ലോകവും ശ്രേഷ്ഠ വ്യക്തിത്വവും അച്ചടക്കമുള്ള തലമുറയും വാർത്തെടുക്കാനുള്ള പ്രായോഗിക മാർഗങ്ങൾ അദ്ദേഹം വിശദീകരിച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി തൻ്റെ വൈദിക-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ നേടിയ അനുഭവങ്ങളും അദ്ദേഹം സദസ്സുമായി പങ്കുവെച്ചു.

ആചാര്യശ്രീയുടെ പ്രഭാഷണം വേദപഠനത്തിന്റെ പ്രാധാന്യം എല്ലാവരിലും ഉണർത്താൻ സഹായിച്ചതായി സംഘാടകർ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ ജലഹള്ളിയിൽ ഒരു വേദപഠന കേന്ദ്രം ആരംഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

ക്ഷേത്രം മേൽശാന്തി പൂർണകുംഭം നൽകി ആചാര്യശ്രീയെ ആദരവോടെ സ്വീകരിച്ചു. ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിച്ചു. പരിപാടിയിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ.കെ. രാഘവൻ നമ്പ്യാർ സ്വാഗതവും, ട്രസ്റ്റ് വൈസ് പ്രസിഡന്റ് ഇ.കെ. കൃഷ്‌ണകുമാർ നന്ദിയും പ്രകാശിപ്പിച്ചു.


