ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 13-ാമത്
വേദസപ്താഹത്തിന്റെ ഭാഗമായി നടക്കുന്ന മുറജപത്തില്‍ ഇന്ന് കൃഷ്ണയജുര്‍വേദത്തിൻ്റെ ബ്രാഹ്മണത്തിൻ്റെ രണ്ടാം അഷ്ടകത്തിൻ്റെ പാരായണം നടന്നു. ഉപഹോമമന്ത്രങ്ങൾ, ഐക്യം, വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ട മന്ത്രങ്ങൾ സൗത്രാമണി യാഗ മന്ത്രങ്ങൾ, സൂക്തപ്രശ്നങ്ങൾ എന്നിവ ഉരുക്കഴിച്ചു. ഇതോടൊപ്പം രാവിലെ അഗ്നാവൈഷ്ണവേഷ്ടിയും വൈകിട്ട് രുദ്രഹോമവും നടന്നു.
ഉച്ചയ്ക്ക് ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ ജ്ഞാനയജ്ഞം നടന്നു. കുറേയേറെ അറിവുകൾ സമ്പാദിക്കുക എന്നതിനേക്കാൾ അറിവ് അനുഭവത്തിൽ വരുന്നതിനാണ് പ്രാധാന്യം നൽകേണ്ടത് എന്ന് ആചാര്യശ്രീ രാജേഷ് അഭിപ്രായപ്പെട്ടു. അനുഭവത്തിലൂടെ മാത്രമേ ജീവിതപരിവർത്തനം ഉണ്ടാകൂ. ശിഷ്യൻ്റെ അഹംഭാവത്തെ തച്ചുടച്ച് അനുഭവത്തിൻ്റെതായ വിശാലമായ ലോകത്തെ തുറന്നു നൽകലാണ് ഗുരുവിൻ്റെ ലക്ഷ്യം, അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെ (ജൂലൈ 22) അതിപ്രാചീനമായ പവിത്രേഷ്ടി നടക്കും. കര്‍ണാടകയിലെ സംസ്‌കൃതഗ്രാമമായ മത്തൂരില്‍നിന്നുള്ള ശ്രൗതപണ്ഡിതന്‍ കേശവ അവധാനിയാണ് പവിത്രേഷ്ടിക്ക് മുഖ്യ കാര്‍മികത്വം വഹിക്കുന്നത്. ഈ ഇഷ്ടിയില്‍ ഏവര്‍ക്കും സൗജന്യമായി പങ്കെടുക്കുന്നതിനുള്ള സൗകര്യം ഫൗണ്ടേഷന്‍ ഒരുക്കിയിട്ടുണ്ട്.
വേദസപ്താഹത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സര്‍വൈശ്വര്യ ഹോമത്തില്‍ സ്വയം ഹോമാഹുതി സമര്‍പ്പിക്കാനും യജ്ഞപ്രസാദമായ, അതിവിശിഷ്ടമായ മുറജപ ഘൃതം സ്വീകരിക്കാനുമുള്ള സൗകര്യവുമുണ്ടായിരിക്കും. കക്കോടി ഒറ്റത്തെങ്ങിലുള്ള വേദമഹാമന്ദിരത്തിലാണ് വേദസപ്താഹം നടക്കുന്നത്.

