കുട്ടികളിലെ സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രശസ്ത വേദപ്രചാരകൻ ആചാര്യശ്രീ രാജേഷ് . കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടഷന്‍ സംഘടിപ്പിക്കുന്ന വേദസപ്താഹത്തിന്റെ ഭാഗമായുള്ള ജ്ഞാനയജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനന്ദത്തില്‍നിന്നാണ് ലോകത്തിലെ അദ്ഭുതകരമായ എല്ലാ സൃഷ്ടികളും ഉണ്ടായത്. ആനന്ദത്തെ ലക്ഷ്യമാക്കി കര്‍മം ചെയ്താല്‍ സര്‍ഗാത്മകത ഉണരുമെന്ന് മാത്രമല്ല, ധനവും മറ്റ് നേട്ടങ്ങളും അതിന്റെ ഉപോല്പന്നങ്ങളായി ഉണ്ടാകുകയും ചെയ്യും. പക്ഷേ, സര്‍ഗാത്മകതയെ ബാല്യത്തില്‍തന്നെ നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് പലപ്പോഴും മുതിര്‍ന്നവരില്‍നിന്നും ഉണ്ടാകുന്നത്. ഇത് മാറണം, ആചാര്യശ്രീ രാജേഷ് കൂട്ടിച്ചേര്‍ത്തു.

മുറജപത്തില്‍ ഇന്ന് കൃഷ്ണയജുര്‍വേദത്തിലെ മഹാഗ്നിചയന വിനിയോഗമന്ത്രങ്ങളുടെ പാരായണം നടന്നു. മുറജപത്തോടൊപ്പം പ്രസിദ്ധമായ പുത്രകാമേഷ്ടിയും നടന്നു.

നാളെ (ജൂലൈ 21) വേദസപ്താഹത്തില്‍ പ്രാചീനമായ അഗ്നാവൈഷ്ണവേഷ്ടി നടക്കും. അഗ്നാവിഷ്ണു, സരസ്വതി, ബൃഹസ്പതി എന്നീ ദേവതകള്‍ മുഖ്യമായി വരുന്ന, പ്രാചീനമായ കാമ്യയജ്ഞമാണ് അഗ്നാവൈഷ്ണവേഷ്ടി. ഫൗണ്ടേഷന്‍ ഗവേഷണാര്‍ഥം ഈ യജ്ഞം പൂര്‍ണമായും ഡോക്യുമെന്റ് ചെയ്യും. കര്‍ണാടകയിലെ സംസ്‌കൃതഗ്രാമമായ മത്തൂരില്‍നിന്നുള്ള ശ്രൗതപണ്ഡിതന്‍ കേശവ അവധാനിയും സംഘവുമാണ് അഗ്നാവൈഷ്ണവേഷ്ടിക്ക് കാര്‍മികത്വം വഹിക്കുക. ഈ ഇഷ്ടിയില്‍ ഏവര്‍ക്കും സൗജന്യമായി പങ്കെടുക്കുന്നതിനുള്ള സൗകര്യം ഫൗണ്ടേഷന്‍ ഒരുക്കിയിട്ടുണ്ട്. വേദസപ്താഹത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് സര്‍വൈശ്വര്യ ഹോമത്തില്‍ സ്വയം ഹോമാഹുതി സമര്‍പ്പിക്കാനും യജ്ഞപ്രസാദമായ, അതിവിശിഷ്ടമായ മുറജപ ഘൃതം സ്വീകരിക്കാനുമുള്ള സൗകര്യവുമുണ്ടായിരിക്കും. കക്കോടി ഒറ്റത്തെങ്ങിലുള്ള വേദമഹാമന്ദിരത്തിലാണ് വേദസപ്താഹം നടക്കുന്നത്.


