Sunday, December 21, 2025

നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന എട്ട് വാട്സാപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍ ; പ്രചരിപ്പിക്കുന്നത് ആറും ഏഴും വയസുള്ള കുട്ടികളുടെ ചിത്രങ്ങൾ

തിരുവനന്തപുരം: കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്ന എട്ട് വാട്സ് ആപ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലെന്ന് എ ഡി ജി പി മനോജ് എബ്രഹാം . ആറും ഏഴും വയസുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളാണ് പ്രചരിപ്പിക്കുന്നത്. ഇരകളായ കുട്ടികളുടെ മാതാപിതാക്കൾ ഇക്കാര്യങ്ങൾ അറിയാറില്ല. പടങ്ങൾ സോഷ്യൽ മീഡിയകളിൽ അപ്‌ലോഡ് ചെയ്ത ആളുകളെ കണ്ടെത്തി മറ്റെന്തിങ്കിലും തരത്തിലുള്ള അതിക്രമങ്ങൾ നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും സൈബര്‍ ഡോം നോഡല്‍ ഓഫീസർ കൂടിയായ മനോജ് എബ്രഹാം വ്യക്തമാക്കി.

നൂറോളം വ്യക്തികളെ കേന്ദ്രീകരിച്ചും അന്വേഷിക്കുന്നുണ്ട്. ഇത്തരം ഗ്രൂപ്പുകൾക്ക് കേന്ദ്രീകൃത സ്വഭാവമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കും. സോഷ്യല്‍ മീഡിയകള്‍, ഇന്റര്‍നെറ്റ് സൈറ്റുകള്‍ എന്നിവ 24 മണിക്കൂറും നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇന്‍റര്‍പോളിന്‍റെ സഹായത്തോടെയാണ് നിരീക്ഷണം. കേരളത്തില്‍ ഇത്തരം സൈറ്റുകളുടെ വ്യാപകമായ ഉപയോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

വിദേശ സൈറ്റുകളടക്കം നിരീക്ഷണത്തിലാണെങ്കിലും കേരളത്തിലെ കേസുകളിലാണ് അന്വേഷണം. അതേസമയം പരിശോധന ശക്തമാക്കിയതോടെ ആളുകൾ ഗ്രൂപ്പുകളിൽ നിന്നും പിന്മാറുന്നുണ്ട്. പൊലീസ് നിരീക്ഷണത്തിലുള്ള, 50,000 അംഗങ്ങളുള്ള ഒരു ഗ്രൂപ്പിൽ നിന്നും ഇരുപതിനായിരത്തോളം പേർ കഴിഞ്ഞ ദിവസം പിന്മാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 21 ഇടങ്ങളില്‍ നടത്തിയ റെയ്ഡില്‍ 12 പേരാണ് പിടിയിലായത്.

Related Articles

Latest Articles