കൊച്ചി : നടൻ വിനോദ് തോമസ് മരിച്ചത് കാർബൺ മോണോക്സൈഡ് ശ്വസിച്ചതു മൂലമാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. പരിശോധനയിൽ നടന്റെ ശ്വാസകോശത്തിൽ ഇതിന്റെ സാന്നിധ്യം കണ്ടെത്തി. കാറിന്റെ എസിയിൽ നിന്നാകാം കാറിനുള്ളിൽ കാർബൺ മോണോക്സൈഡ് പടർന്നത് എന്നാണ് പോലീസ് കരുതുന്നത്. ഇന്നലെ വൈകുന്നേരത്തോടെയാണ് കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം നിർത്തിയിട്ടിരുന്ന കാറിൽ നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കാറിനുള്ളില്‍ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാരന്‍ വന്ന് നോക്കുകയായിരുന്നു. ഗ്ലാസ് തട്ടി വിളിച്ചെങ്കിലും വിനോദ് എഴുന്നേറ്റില്ല. ഇതോടെ ഇയാൾ മറ്റ് ജീവനക്കാരെ വിവരം അറിയിക്കുകയും പിന്നാലെ കാറിന്റെ ചില്ല് തകർത്ത് അബോധാവസ്ഥയിലായ നടനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
നത്തോലി ഒരു ചെറിയ മീനല്ല എന്ന ചിത്രത്തിലൂടെയായിരുന്നു നടന്റെ സിനിമ അരങ്ങേറ്റം.ഗോഡ്സ് ഓൺ കൺട്രി, ജോൺപോൾ വാതിൽ തുറക്കുന്നു, ഒരു മുറൈ വന്തു പാർത്തായാ, ഹാപ്പിവെഡിങ് , മറുപടി, അയാൾ ശശി, ഒരായിരം കിനാക്കളാൽ, തരംഗം, കുട്ടൻപിള്ളയുടെ ശിവരാത്രി, നോൺസെൻസ്, ജൂൺ, ജനമൈത്രി, അയ്യപ്പനും കോശിയും , കുറി തുടങ്ങി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. ഷോട് ഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

