കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് ശിക്ഷ വിധിച്ചത്. എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 രൂപ പിഴയുമാണ് ലഭിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ്, അഞ്ചാം പ്രതി എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. അതിജീവിതക്ക് 5 ലക്ഷം രൂപ പിഴ തുകയിൽ നിന്ന് നൽകാനും വിധിയിൽ പറയുന്നു. ഒന്നാം പ്രതി സുനിലിന് ഐടി ആക്ട് പ്രകാരം 5 വർഷം കൂടി തടവ് ഉണ്ട്. ഇത് പക്ഷേ 20 വർഷത്തെ കഠിനതടവിന് ഒപ്പം അനുഭവിച്ചാൽ മതി.
ഇന്ന് 11.30-ഓടെയാണ് കേസിൽ വാദം തുടങ്ങിയത്. ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി. കൂട്ടബലാത്സംഗം, ഐപിസി 366 സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, ഐപിസി 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐപിസി 354 സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 354(B) സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ഐപിസി 357 ക്രിമിനല്‍ ബലപ്രയോഗം, ഇതിന് പുറമെ ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ട്.
ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രതികള്‍ക്ക് പരാമധി ശിക്ഷ നല്‍കണം എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ശിക്ഷയില്‍ ഇളവ് നല്‍കണമെന്നായിരുന്നു പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടത്. ഇരുപക്ഷത്തിന്റെയും വാദം കേട്ടശേഷം 4. 45 ഓടെയാണ് കോടതി വിധി പുറപ്പെടുവിച്ചത്.
കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികൾ വിചാരണ കാലയളവിലും ജയില്‍വാസം അനുഭവിച്ചിരുന്നു. പൾസർ സുനി ഏഴുവർഷവും മാർട്ടിൻ ആന്റണി 7 വർഷവും മണികണ്ഠൻ മൂന്നര വർഷം, വിജീഷ് വി പി മൂന്നര വർഷം, വടിവാൾ സലിം രണ്ടുവർഷം, പ്രദീപ് രണ്ടുവർഷവുമാണ് ശിക്ഷ അനുഭവിച്ചത്. ശിക്ഷ സംബന്ധിച്ച് പ്രതികൾക്ക് പറയാനുളളത് കോടതി ആദ്യം കേൾട്ടിരുന്നു. തുടർന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും ശിക്ഷ സംബന്ധിച്ച് വാദം നടത്തി. ഇതിനുശേഷമാണ് ശിക്ഷാ പ്രഖ്യാപനം നടന്നത്. ജീവപരന്ത്യം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ആയിരുന്നു ആറു പ്രതികൾക്കുമെതിരെ തെളിഞ്ഞിരുന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.
തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.
കേസിൽ എട്ടാംപ്രതി നടൻ ദിലീപ് ഉൾപ്പെടെ നാലുപ്രതികളെ കോടതി വെറുതേ വിട്ടിരുന്നു. ദിലീപിനെതിരേയുള്ള ക്രിമിനൽ ഗൂഢാലോചനക്കുറ്റവും തെളിവ് നശിപ്പിച്ചെന്ന കുറ്റവും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിട്ടയക്കപ്പെട്ടെങ്കിലും ഒൻപതാം പ്രതി സനിൽകുമാർ പോക്സോ കേസിൽ പ്രതിയായതിനാൽ ജയിലിൽ തുടരും.

