കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതിയില്‍ നിന്ന് അനുകൂല ഉത്തരവ് കിട്ടിയതോടെ ജാമ്യ നടപടികൾ വേഗത്തിലാക്കാൻ നീങ്ങുകയാണ് മുഖ്യപ്രതിയായ പള്‍സര്‍ സുനി. വിചാരണ കോടതിയെ ഉടൻ സമീപിക്കാനാണ് നീക്കം. സുനിക്ക് വിചാരണ കോടതി തീരുമാനിക്കുന്ന വ്യവസ്ഥകളോടെ ജാമ്യം നല്‍കാമെന്ന് സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഒരാഴ്ചയ്ക്കകം ജാമ്യം നല്‍കാമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം.
ഇതിന്റെ പിൻബലത്തിൽ ഈയാഴ്ച തന്നെ സുനിയെ പുറത്തിറക്കാനാണ് അഭിഭാഷകരുടെ നീക്കം. കര്‍ശന വ്യവസ്ഥകളോടെയാകും ജാമ്യം നല്‍കുക. പ്രോസിക്യൂഷന്‍റെ ഭാഗത്ത് നിന്നുളള നിര്‍ദ്ദേശങ്ങള്‍ കൂടി സ്വീകരിച്ച ശേഷമാകും ജാമ്യ വ്യവസ്ഥകളിൽ വിചാരണ കോടതി അന്തിമ തീരുമാനമെടുക്കുക.
ഏഴര വര്‍ഷത്തിനുശേഷം ജാമ്യം നല്‍കികൊണ്ടുള്ള സുപ്രീംകോടതിയുടെ വിധിയിൽ വിചാരണ കോടതിക്ക് നേരെ രൂക്ഷ വിമര്‍ശനമുണ്ട്. ഒരാള്‍ എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്ന് സുപ്രീംകോടതി ചോദിച്ചു. കടുത്ത ഉപാധികള്‍ക്കായി സംസ്ഥാനത്തിന് വാദിക്കാം. എന്നാല്‍ വിചാരണ ഇത്രയും വൈകുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ഇതെന്ത് വിചാരണ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

