കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ശിക്ഷാ വിധി ഇന്ന് വൈകുന്നേരം മൂന്നര മണിക്ക്. 11.30-ഓടെയാണ് വാദം തുടങ്ങിയത്. ആറുപ്രതികളേയും കോടതിയില്‍ ഹാജരാക്കി. പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞും ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ അപേക്ഷിച്ചു. ഒന്നുമുതല്‍ ആറുവരെ പ്രതികളായ എന്‍.എസ്. സുനില്‍ (പള്‍സര്‍ സുനി), മാര്‍ട്ടിന്‍ ആന്റണി, ബി. മണികണ്ഠന്‍, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരാണ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികൾക്ക് പരാമധി ശിക്ഷ നല്‍കണം എന്നാണ് പ്രോസിക്യൂഷന്റെ വാദം. ശിക്ഷയില്‍ ഇളവ് നല്‍കണം എന്നതരത്തിലാവും പ്രതിഭാഗത്തിന്റെ വാദം. ഇരുപക്ഷത്തിന്റെയും വാദം കേട്ടശേഷമായിരിക്കും കോടതി ശിക്ഷാവിധി സംബന്ധിച്ച വിധി പറയുക. അതേസമയം നടിയെ ആക്രമിച്ച കേസിൽ കോടതി അലക്ഷ്യ പരാമർശം നടത്തിയവർക്കെതിരേയുള്ള ഹർജികൾ ഡിസംബർ 18-ന് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
ജുഡീഷ്യല്‍ നടപടിക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ല എന്ന് പറഞ്ഞുകൊണ്ടാണ് കോടതി വാദം കേള്‍ക്കല്‍ ആരംഭിച്ചത്. അഭിഭാഷകരുടെയും മാദ്ധ്യമപ്രവര്‍ത്തകരുടെയും ഭാഗത്തുനിന്ന് കോടതി നടപടികളെ തടസപ്പെടുത്തുന്നതോ മോശമായി ചിത്രീകരിക്കുന്നതോ ആയ പ്രവര്‍ത്തികള്‍ ഉണ്ടാകരുത് എന്നാണ് ജഡ്ജി ഹണി എം. വര്‍ഗീസ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തന്റെ ഭൂതവും ഭാവിയും അന്വേഷിച്ചുകൊള്ളൂ, പക്ഷേ കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കാന്‍ പാടില്ലെന്ന് ജഡ്ജി കര്‍ശനമായി പറഞ്ഞു.

