ജ്ഞാനപ്പാനയിലെ വരികൾ ഉദ്ധരിച്ച് സമൂഹ മാദ്ധ്യമങ്ങളിൽ ശ്രീകൃഷ്ണ ജയന്തി ആശംസകളുമായി നടി രചന നാരായണൻകുട്ടി. ‘രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ. .. മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ’ എന്ന ജ്ഞാനപ്പാനയിലെ വരികളും ശ്രീകൃഷണന്റെ ചിത്രവും ചേർത്താണ് ഫെയ്സ്ബുക്ക് പോസ്റ്റ്. അഷ്ടമി രോഹിണി ദിനാശംസകൾ എന്നും കുറിപ്പിനൊപ്പമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടും അതിന് പിന്നാലെ ഉയർന്ന ലൈംഗിക ആരോപണങ്ങളും പിന്നാലെയുള്ള വമ്പന്മാരുടെ രാജിയും കണ്ട സാഹചര്യത്തിൽ രചന നാരായണൻകുട്ടിയുടെ വരികൾ കൂടുതൽ പ്രസക്തമാവുകയാണ്.
പോസ്റ്റിന് താഴെ ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട കമന്റുകളാണ് ആരാധകർ രേഖപ്പെടുത്തുന്നതും. സന്ദർഭത്തിനും സാഹചര്യത്തിനും ചേർന്നൊരു ക്യാപ്ഷൻ,ആരെയോ കുത്തി നോവിക്കുന്നുണ്ടോ എന്ന് ഒരു സംശയം, ആർക്കോ കൊണ്ടപോലെ, ഇത് സിദ്ധീഖിനെയും രഞ്ജിത്തിനെയും ഉദ്ദേശിച്ചേ അല്ല എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നത്.
ലൈംഗിക ആക്രമണ ആരോപണത്തിൽ സംവിധായകൻ രഞ്ജിത്ത് ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനവും നടൻ സിദ്ദിഖ് ‘അമ്മ’ ജനറൽ സെക്രട്ടറി സ്ഥാനവും ഇന്ന് രാജിവച്ചിരുന്നു.

