ബെംഗളൂരു: സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യംചെയ്യലിനിടെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കന്നഡ നടി രന്യ റാവു. തന്നെ കേസില്‍ കുടുക്കുകയായിരുന്നുവെന്നും താന്‍ നിരപരാധിയാണെന്നും നടി റവന്യു ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്നതിനിടെ പറഞ്ഞു.
നേരത്തെ കുറ്റസമ്മതം നടത്തിയ നടി തന്റെ കൈവശമുണ്ടായിരുന്നത് 17 സ്വര്‍ണ്ണക്കട്ടികളാണെന്നും താന്‍ ദുബായ്ക്കുപുറമേ യൂറോപ്, അമേരിക്ക, മറ്റ് ഗള്‍ഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് യാത്രചെയ്തിരുന്നുവെന്നും മൊഴി നല്‍കിയിരുന്നു. അതേസമയം കഴിഞ്ഞവര്‍ഷം ചെന്നൈയില്‍ സ്വര്‍ണ്ണവുമായി കേരളത്തില്‍നിന്നുള്ള സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുടെ ഭാര്യ പിടിക്കപ്പെട്ട സംഭവവുമായി രന്യയുടെ കേസിന് സാമ്യമുണ്ടെന്ന് ഡി.ആര്‍.ഐ. വൃത്തങ്ങള്‍ സംശയം പ്രകടിപ്പിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. 12 കിലോ സ്വര്‍ണ്ണവുമായാണ് അന്ന് യുവതി പിടിയിലായത്. സ്വര്‍ണ്ണക്കടത്തില്‍ ഉള്‍പ്പെട്ട സുഹൃത്ത് ബ്ലാക്‌മെയില്‍ ചെയ്താണ് യുവതിയെ സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ചതെന്ന് പിന്നീട് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
രന്യയുടെ പശ്ചാത്തലമാണ് അന്വേഷണസംഘത്തെ ഇത്തരമൊരുസംശയത്തിലേക്ക് എത്തിച്ചത്. സാമ്പത്തികമായി മികച്ച പശ്ചാത്തലമാണ് രന്യയുടേത്. രന്യയുടെ ഭര്‍ത്താവ് ജതിന്‍ ഹുക്കേരി യു.കെ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ടി. കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനാണ്. ചെന്നൈയിലെ കേസിന് സമാനമായി അടുത്ത ബന്ധങ്ങളിലുള്ള ആരെങ്കിലും രന്യയെ പെടുത്തിയതാണോയെന്നാണ് സംശയം.
അന്വേഷണത്തിന്റെ ഭാഗമായി നടിയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപും പിടിച്ചെടുത്തു. നടിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പട്ടികയില്‍ ഉള്ളവര്‍ക്ക് സ്വര്‍ണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

