Friday, December 19, 2025

ഒരു വര്‍ഷമായി ലഹരിക്കടിമ! ആത്മഹത്യക്ക് ശ്രമിച്ചത് ലഹരിയിൽ നിന്ന് മോചനം നേടാനെന്ന് എട്ടാം ക്ലാസുകാരിയുടെ മൊഴി

കോഴിക്കോട്: ഒരു വര്‍ഷമായി ലഹരിക്കടിമയാണെന്ന് കുന്ദമംഗലത്ത് ആത്മഹത്യക്ക് ശ്രമിച്ച എട്ടാംക്ലാസുകാരിയുടെ മൊഴി.ലഹരിയിൽ നിന്ന് മോചനം നേടാനാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പെൺകുട്ടി പറഞ്ഞു.കൂടാതെ പുറത്തു നിന്നുള്ളവരും സുഹൃത്തുക്കളുമാണ് ലഹരി എത്തിക്കുന്നതെന്നും പെൺകുട്ടി വെളിപ്പെടുത്തി.

കോഴിക്കോട് ചൂലൂർ സ്വദേശിയായ എട്ടാം ക്ലാസുകാരിയെ കഴിഞ്ഞ ദിവസമാണ് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹെഡ്രെജന്‍ പെറോക്സൈഡ് കഴിച്ചായിരുന്നു ആത്മഹത്യാശ്രമം. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയില്‍ നിന്ന് പോലീസ് മൊഴിയെടുത്തപ്പോഴാണ് ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

മെഡിക്കല്‍ കോളജ് എസിപി കെ. സുദര്‍ശന്‍ മെഡിക്കല്‍ കോളേജിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഒരുവര്‍ഷത്തിലേറെയായി എം ഡി എം.എ ഉപയോഗിക്കാറുണ്ടെന്നും ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് തനിക്ക് ആദ്യം ഇത് നല്‍കിയതെന്നും പോലീസിനോട് പറഞ്ഞു. പിന്നീട് പുറത്തു നിന്നും വാങ്ങാനാരംഭിച്ചുവെന്നും പെൺകുട്ടി വെളിപ്പെടുത്തി.

സ്കൂളിലെ പലരും ലഹരി ഉപയോഗിക്കാറുണ്ടെന്നാണ് കുട്ടി പോലീസിന് നൽകുന്ന സൂചന. കണ്ടാലറിയുന്ന പുറത്ത് നിന്നുള്ളവരാണ് സ്കൂള്‍ കവാടത്തില്‍ ലഹരിയെത്തിക്കുന്നതെന്നാണ് മൊഴി. അമിതമായ ലഹരി ഉപയോ​ഗം മൂലമുള്ള ഡിപ്രഷൻ മൂലമാകാം എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം.
ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോലീസ് ആക്ട് എന്നിവ ഉള്‍പ്പെടുത്തിയാണ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ മൊഴി വീണ്ടും പരിശോധിക്കുമെന്നും രക്തസാമ്പിൾ ഉൾപ്പെടെ രാസ പരിശോധനയ്ക്കായി ശേഖരിച്ചുവെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles