Friday, December 19, 2025

മനമുരുകിയ പ്രാർത്ഥനകൾ ഫലം കണ്ടു! ഇത് ഒരു പോരാളിയുടെ മടങ്ങിവരവ്; സുഹൃത്തുക്കളുടെ പ്രിയങ്കരനായ ശങ്കു ആശുപത്രി വിട്ടു; കേക്ക് മുറിച്ച് മധുരം നുണഞ്ഞ് ഡോക്ടർമാരും നേഴ്‌സുമാരും ശങ്കുവിനെ വീട്ടിലേക്ക് യാത്രയാക്കി

കോഴിക്കോട്: മനമുരുകിയ പ്രാർത്ഥനകൾ ഫലം കണ്ടു. വാഹനാപകടത്തിൽ പരിക്കുപറ്റി ചികിത്സയിലായിരുന്ന ബിജെപി നേതാവ് അഡ്വ. ശങ്കു ടി ദാസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തു. ശങ്കുവിനെ ചികിത്സിച്ച ഡോക്‌ടർമാരും നേഴ്‌സുമാരും കേക്ക് നൽകിയാണ് അദ്ദേഹത്തെ ഡിസ്ചാർജ്‌ജിന്‌ ശേഷം വീട്ടിലേക്കയച്ചത്. അണുബാധക്കുള്ള സാധ്യതയുള്ളതിനാൽ സന്ദർശകരെ നിയന്ത്രിക്കുമെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ജൂൺ 24 നാണ് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ശങ്കു ടി ദാസിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സമൂഹമാധ്യമങ്ങളിലെ തന്റെ ഇടപെടലുകളും നിലപാടുകളും കൊണ്ട് ശ്രദ്ധേയനായ ശങ്കു ടി ദാസിന്റെ തിരിച്ചുവരവിനായി കേരളമെങ്ങും സുഹൃത്തുക്കളും ബിജെപി ആർ എസ് എസ് പ്രവർത്തകരും പ്രാർത്ഥനകളും വഴിപാടുകളും നടത്തിയത് ശ്രദ്ധേയമായിരുന്നു.

ജൂൺ 24 ന് രാത്രി തന്റെ ഓഫീസിൽ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ശങ്കുവിന്റെ ഇരുചക്ര വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചത്. ആശുപത്രിയിൽ എത്തിച്ച ശങ്കുവിന്റെ നില ഗുരുതരമായിരുന്നു. രക്ത സമ്മർദ്ദം അപകടകരമാം വിധം താഴ്ന്നിരുന്നു. തലക്ക് പരിക്കുണ്ടെന്ന് ആദ്യഘട്ടത്തിൽ സംശയിച്ചിരുന്നുവെങ്കിലും പരിശോധനയിൽ അതിന്റെ സാദ്ധ്യതകൾ ഇല്ലാതായി. പക്ഷെ കരളിനേറ്റ പരിക്കുമൂലമുണ്ടായ ആന്തരിക രക്തസ്രാവം അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാക്കുകയായിരുന്നു. പക്ഷെ ശങ്കു എന്ന പോരാളിയുടെ ഈ മടങ്ങി വരവിൽ ഇപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും ആഹ്ളാദത്തിലാണ്.

Related Articles

Latest Articles