Monday, December 22, 2025

പിണറായുടെ പോലീസിന് ഭരണപക്ഷ എം.എൽ.എ വക പരസ്യ ശകാരം:എസ്.ഐയെ ആരാ പോലീസിൽ എടുത്തതെന്നും പ്രോട്ടോക്കോൾ നോക്കി സംസാരിക്കണമെന്നും എം.എൽ.എ വിജിൽ

കണ്ണൂര്‍: കളക്ടറേറ്റ് മാര്‍ച്ചിനിടെ കല്യാശ്ശേരി എം.എല്‍.എ എം. വിജിനും ടൗൺ എസ് ഐയ്യും തമ്മില്‍ രൂക്ഷമായ വാക്കേറ്റം. കേസെടുക്കുന്നതിൻ്റെ ഭാഗമായി എം.എല്‍.എയുടെ പേര് വനിതാ പോലീസ് ഉദ്യോഗസ്ഥ ചോദിച്ചതാണ് എം.എല്‍.എയെ പ്രകോപിപ്പിച്ചത്. പേര് ചോദിക്കേണ്ടിടത്ത് പേര് ചോദിക്കുമെന്ന് പറഞ്ഞ്‌ സഹപ്രവര്‍ത്തകയെ പിന്തുണച്ചുകൊണ്ട് എസ്‌.ഐ രംഗത്തെത്തിയതോടെ എം.എല്‍.എ കൂടുതല്‍ രോഷാകുലനായി. ഇത് പിണറായി വിജയൻ്റെ പോലീസാണെന്നും സര്‍ക്കാരിനെ മോശമാക്കരുതെന്നും വാഗ്വാദത്തിനിടെ വിജിന്‍ പറഞ്ഞു.

കേരള ഗവണ്‍മെൻ്റ് നഴ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിനിടെയായിരുന്നു സംഭവം. മാര്‍ച്ച് എത്തുമ്പോള്‍ തടയാന്‍ കളക്ടറേറ്റിന് മുന്നില്‍ പോലീസ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കളക്ടറേറ്റിനുള്ളില്‍ പ്രതിഷേധം നടന്നതോടെ പോലീസ് എത്തി ഇവരോട് പുറത്തേക്ക് പോകാന്‍ ആവശ്യപ്പെട്ടു. കല്യാശ്ശേരി എം.എല്‍.എ എം.വിജിന്‍ ആണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.

മാര്‍ച്ച് കളക്ടറേറ്റിൻ്റെ ഗേറ്റിന് മുന്നില്‍ തടയാന്‍ കഴിയാതിരുന്നത് പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. പേര് ചോദിക്കേണ്ടിടത്ത് ചോദിക്കുമെന്ന് എസ്.ഐ പറഞ്ഞതോടെ വിജിന്‍ കൂടുതല്‍ പ്രകോപിതനായി. ‘നിങ്ങള്‍ എസ്‌.ഐ ആണ്, ഞാന്‍ എം.എല്‍.എയാണ്. പ്രോട്ടോക്കോള്‍ നോക്കി വര്‍ത്തമാനം പറയണം. നമ്മുടെ സര്‍ക്കാരിന് മോശം ഉണ്ടാക്കുന്നത് നിങ്ങളെ പോലുള്ള പോലീസാണ്. പോലീസിൻ്റെ ഡ്യൂട്ടിയില്‍ വീഴ്ചവരുത്തിയത് എസ്‌.ഐയാണ്. നിങ്ങള്‍ എവിടുത്തെ എസ്‌.ഐആണ്. എസ്‌ഐ ഒറ്റയൊരുത്തനാണ് ഇതിന് കാരണമെന്നും എം.എൽ.എ പറഞ്ഞു.

Related Articles

Latest Articles