അസമിലെ ദിബ്രുഗഡ് ജില്ലയിൽ നിന്ന് സായുധസേനാ പ്രത്യേക അധികാര നിയമമായ അഫ്സ്പ പിൻവലിച്ച് കേന്ദ്ര സർക്കാർ. അസമിലെ നാല് ജില്ലകളിൽ അഫ്‌സ്പ നിയമം പ്രാബല്യത്തിലുണ്ടായിരുന്നു. ദിബ്രുഗഡിൽ നിന്നും നിയമം പിൻവലിച്ചതോടെ മൂന്നു ജില്ലകളിൽ മാത്രമാണ് അഫ്‌സ്പ അവശേഷിക്കുന്നത്. ദിബ്രുഗഡിനെ അസമിന്റെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സൈനിക നിയമം പിൻവലിക്കുന്നത്. പ്രദേശത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യമിട്ടും ഭരണപരമായ സൗകര്യത്തിനുമായാണ് ജില്ലയെ സംസ്ഥാനത്തിന്റെ രണ്ടാം തലസ്ഥാനമായി പ്രഖ്യാപിച്ചത്.
സൈനിക നിയമം നീക്കിയതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നന്ദി അറിയിച്ചു. നീക്കം ദിബ്രുഗഡ് ജില്ലയുടെ സമഗ്രമായ വികസനത്തിലേക്ക് നയിക്കുമെന്ന് മുഖ്യമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ അസം സന്ദർശനത്തിലാണ് നിയമം നീക്കണമെന്ന ആവശ്യം ഉയർന്നത്. തുടർന്ന് വിശദമായ ചർച്ചകൾക്ക് ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമം പിൻവലിച്ച് ഉത്തരവിറക്കുകയായിരുന്നു. സംസ്ഥാനത്തെ പ്രധാന നഗരമായി ജില്ല വികസിച്ചതും അക്രമ സംഭവങ്ങളിൽ വന്ന കുറവും നിയമം പിൻവലിക്കാൻ കാരണമായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ക്രമസമാധാന പാലനത്തിന് സൈന്യത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമം സംസ്ഥാനത്തൊട്ടാകെ പതിറ്റാണ്ടുകളോളം പ്രാബല്യത്തിലുണ്ടായിരുന്നു. എന്നാൽ ക്രമാസമാധാന നില മെച്ചപ്പെട്ടതോടെ ക്രമേണ പലഭാഗങ്ങളിൽ നിന്നും നിയമം പിൻവലിച്ചു. നാലുജില്ലകളിൽ മാത്രമാണ് ഒടുവിൽ നിയമം പ്രാബല്യത്തിൽ ഉണ്ടായിരുന്നത്. ദിബ്രുഗഡിൽ നിന്നുകൂടി നിയമം പിൻവലിക്കപ്പെടുമ്പോൾ സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മാത്രമായി അഫ്‌സ്പ അവശേഷിക്കുകയാണ്.

