Tuesday, December 23, 2025

അമിത് ഷാ എയർപോർട്ടിൽ എത്തിയതിനു പിന്നാലെ തെരുവ് വിളക്കുകൾ അണഞ്ഞു; സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി പ്രതിഷേധവുമായി ബിജെപി

ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിമാനം ഇറങ്ങിയതിന് പിന്നാലെ വിമാനത്താവളത്തിലേക്കുള്ള വഴിയിലെ രണ്ടു വശങ്ങളിലെയും തെരുവ് വിളക്കുകൾ അണഞ്ഞു. 25 മിനിറ്റിനു ശേഷം ആണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനായത്. അമിത് ഷായെ സ്വീകരിക്കാൻ എത്തിയ ബിജെപി പ്രവർത്തകർ, വൈദ്യുതി വകുപ്പിനെതിരെയും ഡിഎംകെ സ‍‍ര്‍ക്കാരിനെതിരെയും മുദ്രാവാക്യം വിളിച്ച് റോഡ് ഉപരോധിച്ചു. മനപ്പൂര്‍വ്വം വൈദ്യുതി അണക്കുകയായിരുന്നുവെന്നാണ് ബിജെപി ആരോപണം.

സംഭവം സുരക്ഷാ വീഴ്ചയാണ് കാണിക്കുന്നതെന്നും അത് ഗൗരവമായി അന്വേഷിക്കണമെന്നും തമിഴ്‌നാട് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജൻ എഎൻഐയോട് പറഞ്ഞു. “ഇത് അന്വേഷിക്കണം. നമ്മുടെ നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ചെന്നൈ വിമാനത്താവളത്തിൽ എത്തുമ്പോൾ എങ്ങനെയാണ് പെട്ടെന്ന് വൈദ്യുതി തകരാർ ഉണ്ടാകുന്നത്? ഇത് സുരക്ഷാ വീഴ്ചയാണ്. ഇത് ഗൗരവമായി അന്വേഷിക്കണം,” കാരു നാഗരാജൻ പറഞ്ഞു.

ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി ശനിയാഴ്ച രാത്രിയാണ് ഷാ ചെന്നൈയിൽ വിമാനമിറങ്ങിയത്. ഒമ്പത് വർഷത്തെ നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനുള്ള ബിജെപിയുടെ ഒരു മാസത്തെ പ്രചാരണത്തിന്റെ ഭാഗമായാണ് അദ്ദേഹത്തിന്റെ സന്ദർശനം. ഞായറാഴ്ച രാവിലെ ചെന്നൈ സൗത്ത് പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുക്കും. പിന്നീട് ഉച്ചയ്ക്ക് വെല്ലൂരിനടുത്ത് പള്ളികൊണ്ടയിൽ പൊതുയോഗത്തിൽ പ്രസംഗിക്കുകയും വൈകിട്ട് ആന്ധ്രാപ്രദേശിലേക്ക് പോകുകയും ചെയ്യും. കേന്ദ്രത്തിലെ ബിജെപി ഭരണത്തിന്റെ ഒമ്പത് വർഷം പൂർത്തിയാകുന്ന ചടങ്ങാണിത്.

Related Articles

Latest Articles