കൊച്ചി : ബാങ്ക് ജീവനക്കാരെ കത്തിമുനയിൽ നിർത്തി പോട്ട ഫെഡറൽ ബാങ്ക് കൊള്ളയടിച്ചിട്ട് 16 മണിക്കൂർ പിന്നിടുമ്പോഴും പരാതിയെക്കുറിച്ച് ഒരു വിവരവും കിട്ടാതെ പോലീസ്.പ്രതി അങ്കമാലി ഭാഗത്ത് എത്തിയതായി പൊലീസിന് സിസിടിവിയിൽ നിന്ന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ അതിനപ്പുറം ഒരു വിവരവും ഇതുവരെ കണ്ടെത്താൻ കഴിചിട്ടില്ല. പ്രതി രക്ഷപെട്ട സ്കൂട്ടർ മോഷ്ടിച്ചതാകാമെന്ന നിഗമനത്തിലാണ് ഇപ്പോൾ പോലീസ്.അങ്കമാലി, ആലുവ, പെരുമ്പാവൂർ ഉൾപ്പെടെയുള്ള മേഖലകളിൽ വിപുലമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആൾ തന്നെയാണ് മോഷണത്തിന് പിന്നിൽ എന്ന സൂചനയാണ് പൊലീസിനുള്ളത്.
അതേസമയം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. സ്കൂട്ടറിൽ പ്രതിക്ക് അധികദൂരം പോകാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്.മോഷ്ടാവ് ഹിന്ദി സംസാരിച്ചതുകൊണ്ട് അയാള്‍ മലയാളി അല്ലാതാകണമെന്നില്ലെന്നും ഏതാണ്ട് 15 ലക്ഷം രൂപയോളമാണ് നഷ്ടപ്പെട്ടതെന്നും മധ്യമേഖല ഡിഐജി ഹരിശങ്കര്‍ പറഞ്ഞു. എടിഎമ്മിൽ നിന്ന് എടുത്തുവച്ച പണമാണ് നഷ്ടമായത്. കൂടുതൽ പണം ഉണ്ടായിട്ടും അത് എടുത്തില്ലെന്നതു കൂടുതൽ സംശയങ്ങൾ ഉണ്ടാക്കുന്നുണ്ട് ജീവനക്കാരുടെ സഹായം കിട്ടിയിട്ടുണ്ടോയെന്നു പറയാനാകില്ലെന്നും പ്രാഥമിക ഘട്ടത്തിൽ അത്തരം നിഗമനങ്ങളിലേക്കു പോകേണ്ടതില്ലെന്നും ഡിഐജി പറഞ്ഞു. എല്ലാ സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.ബാങ്കിൽ കടന്ന പ്രതി രണ്ടര മിനിട്ടിനുള്ളിൽ കവർച്ച നടത്തി മടങ്ങിയെന്നും പൊലീസ് പറഞ്ഞു. പ്രതിക്കായി എല്ലാ പ്രധാന പാതകളിലും പരിശോധന നടത്തുന്നുണ്ടെന്നും വൈകാതെ പിടിയിലാകുമെന്നും എസ്.പി പറഞ്ഞു. മോഷണസമയത്ത് ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുത്തിട്ടുണ്ട്. ഹെൽമെറ്റ് ധരിച്ചെത്തിയ അക്രമിയെ ജീവനക്കാർ പ്രതിരോധിക്കാൻ ശ്രമിച്ചിരുന്നില്ല. പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഹിന്ദി ഭാഷയാണ് പ്രതി സംസാരിച്ചതെന്നും എസ്.പി വ്യക്തമാക്കി.

