ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ പതിനാറുകാരിയുടെ ഗർഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി നൽകി. ഗർഭച്ഛിദ്രത്തിന് പെൺകുട്ടിയെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇതിനുമുൻപ് രക്ഷിതാക്കൾ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു എന്നാൽ കോടതി അനുമതി നിഷേധിച്ചിരുന്നു 26 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാനാണ് ഇപ്പോൾ കോടതി അനുമതി നല്‍കിയത്. പെൺകുട്ടിയുടെ മാനസികാവസ്ഥയെ പറ്റിയുള്ള വിദഗ്ധ റിപ്പോർട്ട് പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
അതേസമയം തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലാകും പെൺകുട്ടിയെ ചികിത്സിക്കുക. കേസില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഭ്രൂണത്തിന്റെ രക്തസാമ്പിളുകൾ ശേഖരിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ഗർഭസ്ഥശിശുവിനെ ജീവനോടെ പുറത്തെടുക്കാനായാൽ ജീവൻ നിലനിർത്താനാവശ്യമായ നടപടികളെടുക്കണമെന്നും കോടതി ഉത്തരവിൽ ആവശ്യപ്പെട്ടു. പെൺകുട്ടിയോ കുടുംബമോ കുഞ്ഞിന്റെ പരിപാലനത്തിന് തയ്യാറായില്ലെങ്കിൽ സർക്കാർ ഉത്തരവാദിത്തമേറ്റെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. സാമ്പിളുകൾ കൃത്യമായി ഫോറൻസിക് സയൻസ് ലാബോറട്ടിക്ക് സൂക്ഷിക്കാനായി കൈമാറണമെന്നും അന്വേഷണ ഉദ്യോഗസ്ഥർക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

