Saturday, December 13, 2025

വന്മരങ്ങൾ വീഴുന്നു ! പിവി അൻവർ പുറത്തുവിട്ട ഓ‍ഡിയോ ക്ലിപ്പിന് പിന്നാലെ പത്തനംതിട്ട എസ്.പി എസ്. സുജിത്ദാസിനെതിരെ നടപടി; സസ്പെൻഡ് ചെയ്തേക്കുമെന്ന് സൂചന

പിവി അൻവർ എംഎൽഎ പുറത്തുവിട്ട ഓ‍ഡിയോ ക്ലിപ്പിന് പിന്നാലെ പത്തനംതിട്ട എസ്.പി എസ്. സുജിത്ദാസിനെ സസ്‌പെൻഡ് ചെയ്‌തേക്കും. തിരുവനന്തപുരം റേഞ്ച് ഐജി സമർപ്പിച്ച വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോർട്ട് ഡിഐജിക്കും തുടർന്ന് സർക്കാരിനും കൈമാറിയിരുന്നു. തനിക്കെതിരേ നൽകിയ പരാതി പിൻവലിക്കണമെന്ന് പി.വി അൻവറിനോട് ആവശ്യപ്പെടുന്ന എസ്പി എസ്. സുജിത്ദാസിന്റെ ഫോൺ സംഭാഷണം ആഭ്യന്തര വകുപ്പിന് ഒന്നാകെ തലവേദനയായിരുന്നു. ഐപിഎസ് അസോസിയേഷനും സുജിത്ദാസിനെതിരെയാണ് നിലപാടെടുത്തത് . അങ്ങേയറ്റം അച്ചടക്കലംഘനമാണ് സംഭവിച്ചതെന്നായിരുന്നു വിലയിരുത്തൽ. വകുപ്പുതല നടപടി സ്വീകരിക്കട്ടെ എന്ന നിലപാടാണ് അസോസിയേഷൻ സ്വീകരിച്ചത്.

“വേറെ ആര് പരാതി നൽകിയാലും തനിക്കു പ്രശ്‌നമില്ല. എംഎൽഎ പരാതി നൽകിയതുകൊണ്ടാണ് താൻ പിൻവലിക്കാൻ ആവശ്യപ്പെടുന്നത് നിലവിൽ ഒരു പരാതിയുണ്ട്. അത് അന്വേഷിച്ച് നടപടിയായിക്കോട്ടെ. എനിക്കു വേണ്ടി പരാതി പിൻവലിക്കണം. പരാതിയിൽ തുടരാൻ താത്പര്യമില്ലെന്നു പറഞ്ഞ് മെയിലയക്കണം. എന്നെപ്പോലെയുള്ളവനെ ഡിഐജിയോ ഐജിയോ ഒക്കെയായി സഹിച്ചേപറ്റൂ. ആ ഒരു ബന്ധത്തിന്റെ പേരിലെങ്കിലും കേസ് പിൻവലിക്കണം” – ഫോൺ സംഭാഷണത്തിൽ സുജിത്ദാസ് ആവശ്യപ്പെടുന്നു.

Related Articles

Latest Articles