Friday, December 12, 2025

ദില്ലി സ്‌ഫോടനത്തിന് പിന്നാലെ ഭാരതത്തിനെതിരെ പുതിയ ചാവേർ ആക്രമണത്തിന് ജെയ്‌ഷെ മുഹമ്മദ് കോപ്പുകൂട്ടുന്നു; ഡിജിറ്റൽ പണപ്പിരിവ് തകൃതി; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്നസ്‌ഫോടനത്തിന് പിന്നാലെ ഭാരതത്തിനെതിരെ മറ്റൊരു വൻ ആക്രമണത്തിന് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ വൃത്തങ്ങൾ. ഇതിനായി പ്രത്യേക ‘ഫിദായീൻ’ അഥവാ ചാവേർ സ്ക്വാഡിനെ സജ്ജമാക്കുകയാണെന്നും, ആക്രമണത്തിന് ആവശ്യമായ പണം ഡിജിറ്റൽ മാർഗങ്ങളിലൂടെ സമാഹരിക്കുകയാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ചെങ്കോട്ട സ്ഫോടനക്കേസിലെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ‘സദാപേ’ എന്ന പാകിസ്ഥാൻ ആപ്പ് വഴിയാണ് ഭീകരർ പണം സമാഹരിക്കുന്നത്. ഒരു ‘മുജാഹിദിന്’ (പോരാളിക്ക്) ശൈത്യകാല കിറ്റ് നൽകുന്നവരെ ജിഹാദികളായി കണക്കാക്കപ്പെടുമെന്നാണ് ജെയ്‌ഷെ നേതാക്കളുടെ 20,000 പാകിസ്ഥാനി രൂപയാണ് (ഏകദേശം 6,400 ഇന്ത്യൻ രൂപ) സംഭാവനയായി ആവശ്യപ്പെടുന്നത്. ഷൂസ്, കമ്പിളി സോക്സുകൾ, കിടക്ക, ടെന്റുകൾ തുടങ്ങിയവ വാങ്ങാനാണ് ഈ തുക ഉപയോഗിക്കുന്നത്.

സ്ത്രീകളെ ഉപയോഗിച്ചുള്ള ആക്രമണത്തിനും സാധ്യതയുണ്ട്. ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ വിഭാഗമായ ‘ജമാഅത്ത് ഉൽ-മുമിനാത്ത്’ ഇതിൽ സജീവമാണ്. മസൂദ് അസറിന്റെ സഹോദരി സാദിയ ആണ് ഇതിന് നേതൃത്വം നൽകുന്നത്. ചെങ്കോട്ട സ്ഫോടനത്തിലെ പ്രധാന പ്രതികളിലൊരാളായ ‘മാഡം സർജൻ’ എന്നറിയപ്പെടുന്ന ഡോ. ഷാഹിന സയീദ് ഈ വനിതാ വിഭാഗത്തിലെ അംഗമാണെന്നും, ആക്രമണത്തിന് സാമ്പത്തിക സഹായം നൽകിയത് ഇവരാണെന്നും സംശയിക്കുന്നു.

കഴിഞ്ഞ 10-ന് ചെങ്കോട്ടയ്ക്ക് സമീപം അമോണിയം നൈട്രേറ്റ് നിറച്ച ഹ്യുണ്ടായ് i20 കാർ പൊട്ടിത്തെറിച്ച് 15 പേർ മരിച്ചിരുന്നു. സ്ഫോടനത്തിൽ മരിച്ച ചാവേർ ഡോ. ഉമർ മുഹമ്മദിന്റെ, ആത്മഹത്യാ സ്ക്വാഡുകളെ ന്യായീകരിക്കുന്ന തരത്തിലുള്ള വീഡിയോ സന്ദേശവും പുറത്തുവന്നിട്ടുണ്ട്. ജമ്മു കശ്മീരിൽ ലഷ്കർ-ഇ-തൊയ്ബയുമായി ചേർന്ന് സംയുക്ത ആക്രമണങ്ങൾക്ക് ജെയ്‌ഷെ മുഹമ്മദ് പദ്ധതിയിടുന്നതായും സൂചനയുണ്ട്. പാക് സൈന്യത്തിന്റെ നേരിട്ടുള്ള സഹായത്തോടെയാണ് ഈ നീക്കങ്ങളെന്നും ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ഡിജിറ്റൽ ഫണ്ടിംഗ് ശൃംഖലയ്ക്കെതിരെ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles