ഓസ്ട്രേലിയൻ നഗരങ്ങളിലെ ഭീകരാക്രമണ ഭീഷണി,സാധ്യത എന്നതിലുമപ്പുറം സാധ്യമായത് എന്ന നിലയിലേക്ക് വർധിച്ചതായി റിപ്പോർട്ട്. അടുത്ത 12 മാസത്തിനുള്ളിൽ ഒരു തീരദേശ നഗരങ്ങളിൽ ആക്രമണം നടക്കാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ ലഭിച്ചതായാണ് വിവരം. രാജ്യത്ത് തീവ്രവാദ വീക്ഷണങ്ങളുള്ളവരുടെ എണ്ണത്തിൽ ഉണ്ടായ വൻ വർദ്ധനവിനെ ഉദ്ധരിച്ചാണ് ഇത്തരമൊരു നിഗമനത്തിൽ ഭരണകൂടം എത്തിച്ചേർന്നിരിക്കുന്നത്. സുരക്ഷാ ഏജൻസികളുടെ ഉപദേശത്തെ തുടർന്നാണ് ഭീകരക്രമണ ഭീഷണിയുടെ നില ഉയർത്തിയതെന്ന് പ്രധാനമന്ത്രി ആൻ്റണി അൽബാനീസ് വ്യക്തമാക്കി , എന്നാൽ നിലവിൽ ആക്രമണത്തിൻ്റെ ആസന്നമായ ഭീഷണിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞങ്ങൾക്ക് ലഭിച്ച ഉപദേശം, കൂടുതൽ ഓസ്‌ട്രേലിയക്കാർ തീവ്ര ആശയങ്ങൾ സ്വീകരിക്കുന്നു എന്നതാണ്, ജാഗ്രത പാലിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്,” അദ്ദേഹം ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
2022 ലാണ് ഓസ്‌ട്രേലിയ ഭീകരാക്രമണ സാധ്യതയില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇടം നേടിയത്.
ഒക്‌ടോബർ 7 ന് ആരംഭിച്ച ഇസ്രായേൽ-ഹമാസ് യുദ്ധം ഉൾപ്പെടെ പശ്ചിമേഷ്യയിലെ സംഘർഷങ്ങളാണ് നിലവിലെ ഭീഷണിയുടെ തോത് ഉയർത്തുന്നതിന് കാരണമായതെന്ന് രാജ്യത്തിൻ്റെ പ്രധാന രഹസ്യാന്വേഷണ ഏജൻസിയായ ഓസ്‌ട്രേലിയൻ സെക്യൂരിറ്റി ഇൻ്റലിജൻസ് ഓർഗനൈസേഷൻ്റെ ഡയറക്ടർ ജനറൽ മൈക്ക് ബർഗെസ് പറഞ്ഞു .
“ഇസ്രയേൽ -ഹമാസ് സംഘർഷത്തെ തുടർന്ന് ഓസ്ട്രേലിയയിൽ പ്രതിഷേധങ്ങൾ നടന്നു. രാജ്യത്തെ സാമൂഹിക ഐക്യം തകരുന്നതിനും അസഹിഷ്ണുത ഉയരുന്നതിനും കാരണമായി. ഇത്തരം ആശയങ്ങളിൽ കൂടുതൽ ഓസ്‌ട്രേലിയക്കാർ സ്വാധീനിക്കപ്പെടുകയും തങ്ങളുടെ ലക്ഷ്യം നേടിയെടുക്കാൻ അക്രമം ഉപയോഗിക്കാൻ അവർ ഇന്ന് മാനസികമായി തയ്യാറെടുക്കുകയും ചെയ്തു. വ്യക്തികൾ ഭരണകൂട വിരുദ്ധ ആശയങ്ങളും ഒന്നിലധികം വിശ്വാസങ്ങളെ സംയോജിപ്പിച്ച് കൂടുതൽ ഭീകരമായ ആശയങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു” അദ്ദേഹം പറഞ്ഞു.
ഇപ്പോൾ തെക്കൻ ലെബനനിൽ , സംഘർഷം രൂക്ഷമാകുന്നത് ഓസ്ട്രേലിയയിൽ ആക്രമണങ്ങൾക്ക് ഇടയാകുമോ എന്ന ആശങ്കയിലെയാണ് ഭരണകൂടം. കഴിഞ്ഞ നാല് മാസത്തിനിടയിൽ, തീവ്രവാദ ബന്ധങ്ങൾ ആരോപിക്കപ്പെടുന്ന എട്ടോളം സംഭവങ്ങളാണ് ഓസ്ട്രേലിയയിൽ ഉടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇക്കഴിഞ്ഞ ഏപ്രിലിൽ പള്ളിയിലെ സേവനത്തിനിടെ 16 വയസ്സുള്ള ഒരു ആൺകുട്ടി ഒരു ക്രിസ്ത്യൻ ബിഷപ്പിനെ കുത്തി വീഴ്ത്തിയിരുന്നു.തീവ്രവും അക്രമാസക്തവുമായ ഉള്ളടക്കം സമൂഹമാദ്ധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ് ഓസ്ട്രേലിയൻ സർക്കാർ.
ഓസ്ട്രേലിയയുടെ നിലവിലെ സ്ഥിതി പല ലോകരാജ്യങ്ങളെയും ഭയപ്പെടുത്തുന്നതാണ്. കാരണം ഇസ്രയേൽ ഹമാസ് യുദ്ധത്തിന് പിന്നാലെ പാലസ്തീൻ അനുകൂല പ്രതിഷേധം എന്ന നിലയിൽ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു. ഇതിൽ മിക്കതും സർവ്വകലാശാല വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ളതായിരുന്നു. ഫിൻലാൻഡ്, ഡെൻമാർക്ക്, ജർമ്മനി, ഇറ്റലി, സ്പെയിൻ, ബ്രിട്ടൻ, ഫ്രാൻസ് എന്നിവിടങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയോ ക്യാമ്പുകൾ സ്ഥാപിക്കുകയോ ചെയ്തു. മിക്കയിടങ്ങളിലും പ്രതിഷേധക്കാർ മെഡിക്കൽ മാസ്‌കുകൾ കൊണ്ട് മുഖം മറച്ച് ഹമാസ് തീവ്രവാദികളുടേതിന് സമമായി കുഫിയകൾ തലയിൽ ചുറ്റിയാണ് പ്രത്യക്ഷപ്പെട്ടത്. എടുത്തു പറയേണ്ട കാര്യം ഈ രാജ്യങ്ങളിലെല്ലാം ഇതിനുശേഷം ഭീകരാക്രമണമോ കത്തിയാക്രമണമോ നടന്നു എന്നതാണ്. ഫ്രാൻസിലും സ്വീഡനിലും കാര്യങ്ങൾ കലാപം വരെ എത്തി നിന്നു. ഹമാസ് തീവ്രവാദികൾ തങ്ങളുടെ ആശയങ്ങൾ മറ്റു രാജ്യങ്ങളിലെ യുവജനങ്ങളിലേക്ക് കൈമാറി എന്നതിന്റെ പരോക്ഷമായ സൂചനയാണിത്.
ഇതിൽ ഭയപ്പെടേണ്ട കാര്യം കേരളത്തിലും ഒട്ടനവധി ഹമാസ്, പാലസ്തീൻ അനുകൂല റാലികളും പ്രതിഷേധങ്ങളും നടന്നിട്ടുണ്ട് എന്നുള്ളതാണ്. ഹമാസ് ഭീകരസംഘടനയുടെ നേതാവ് കേരളത്തിലെ മലപ്പുറത്ത് സോളിഡാരിറ്റി യൂത്ത് മൂവ്‌മെൻ്റ് സംഘടിപ്പിച്ച റാലിയിൽ ഓൺലൈനായി പങ്കെടുത്തത് രാജ്യത്തുടനീളം വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ജമാഅത്തെ ഇസ്‌ലാമിയുടെ യുവജന വിഭാഗമാണ് സോളിഡാരിറ്റി യൂത്ത് മൂവ്‌മെൻ്റ് നടത്തിയ യോഗത്തിലാണ് അന്ന് ഹമാസ് നേതാവ് ഖാലിദ് മഷാൽ ജനങ്ങളെ അഭിസംബോധന ചെയ്തത്.
പിന്നാലെ ഹമാസിന്റെ വേഷവിധാനങ്ങളും പതാകയും കായംകുളം എം.എസ്.എം കോളജിന് സമീപമാണ് ദേശീയപാതയിലൂടെ ഒരു കൂട്ടം യുവാക്കൾ പ്രകടനം നടത്തിയിരുന്നു. പോലീസിന്റെ അനുമതിയില്ലാതെയാണ് അന്നവർ പ്രകടനം സംഘടിപ്പിച്ചത്.ഹമാസിന്റെ പതാക ഉയര്‍ത്തി, മുഖം വസ്‌ത്രം ഉപയോഗിച്ച് മറച്ച്, പ്രതീകാത്മക തോക്കുകളേന്തിയായിരുന്നു പ്രകടനം. ഇപ്പോൾ ഹമാസിൻ്റെ പൊളിറ്റിക്കൽ ബ്യൂറോ ചീഫ് ഇസ്മായിൽ ഹനിയയെ കൊല്ലപ്പെട്ടതിൻ്റെ പേരിൽ കോഴിക്കോട് എടവണ്ണപ്പാറയിലും മലപ്പുറം കുന്നുമലയിലും സ്ത്രീകളടക്കം റാലി നടത്തിയതും ഗൗരവപരമായി കാണണം.
ഒക്‌ടോബർ ഏഴിലെ ഭീകരാക്രമണത്തിൻ്റെ സൂത്രധാരന്മാരിലൊരാളായ ഹനിയയെ രക്തസാക്ഷിയെന്നാണ് പ്രതിഷേധക്കാർ വിശേഷിപ്പിച്ചത്. ഇസ്മായിൽ ഹനിയയെ കൊലപ്പെടുത്തിയ ഇസ്രായേലിൻ്റെ നടപടി തെറ്റാണ് റാലിക്കാരുടെ മുദ്രാവാക്യം . ഒപ്പം പലസ്തീനായി രക്തവും , ജീവനും നൽകിയ മഹാനാണ് ഹനിയ എന്നാണ് പ്രതിഷേധക്കാർ മുറവിളി കൂട്ടുന്നത്.ലോകത്ത് സമാന പ്രകടനങ്ങൾ നടന്നിടത്തെല്ലാം ഭീകരാക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലും അത്തരമൊരു ആക്രമണം നടന്നാൽ നമുക്ക് ഒട്ടും അതിശയിക്കേണ്ട കാര്യമില്ല. കേന്ദ്ര ഏജൻസികൾ വിഷയം ഗൗരവപരമായി തന്നെ നിരീക്ഷിക്കുന്നുണ്ട് എന്നാണ് വിവരം.

