തിരുവനന്തപുരം : രണ്ടാം എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ സിസിടിവി സ്ഥാപിക്കുന്നതിന് ചെലവാക്കിയത് 12.93 ലക്ഷം രൂപയെന്ന് വിവരാവകാശ രേഖ. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ വരെ ക്ലിഫ് ഹൗസിലും മന്ത്രിമന്ദിരങ്ങളിലും നടത്തിയ ഇലക്ട്രോണിക്സ് പ്രവൃത്തികളെന്തൊക്കെ എന്ന ചോദ്യത്തിന് വിവരാവകാശ നിയമ പ്രകാരം കിട്ടിയ മറുപടിയിലാണ് ഇക്കാര്യം പറയുന്നത്. പൊതുമരാമത്ത് വകുപ്പ് ഇലക്ട്രോണിക്സ് റൂറല്‍ സബ് ഡിവിഷനില്‍ നിന്നാണ് മറുപടി ലഭിച്ചിരിക്കുന്നത്.
ക്ലിഫ് ഹൗസ് ഉള്‍പ്പെടെ ആറ് മന്ത്രിമന്ദിരങ്ങളില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ സ്ഥാപിക്കുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരാവകാശ രേഖയിൽ സൂചിപ്പിച്ചിരിക്കുന്നത്. ക്ലിഫ്ഹൗസില്‍ സിസിടിവി സ്ഥാപിച്ച് കമ്മിഷന്‍ ചെയ്ത വകയില്‍ 12,93,957 രൂപയും ഇപിഎബിഎക്സ് സിസ്റ്റം സ്ഥാപിച്ച വകയില്‍ 2.13 ലക്ഷവും ചെലവായി. ലാന്‍ ആക്സസ് പോയിന്‍റ് സ്ഥാപിച്ചതിന് ചെലവായത് 13,502 രൂപയാണ്.
കെ–റെയില്‍ പ്രക്ഷോഭ സമയത്ത് പൊലീസിന്‍റെ കണ്ണുവെട്ടിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസ് വളപ്പിൽ കടന്ന് പ്രതിഷേധസൂചകമായി കല്ലിട്ടിരുന്നു. ആ സംഭവം നാണക്കേടും സുരക്ഷാ വീഴ്ചയുമായി വിലയിരുത്തപ്പെട്ടതോടെയാണ് പുതിയ സിസിടിവികള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് ക്ലിഫ്ഹൗസിന് അധിക സുരക്ഷ ഏര്‍പ്പെടുത്തിയത്. മന്ത്രിമാരുടെ ഔദ്യോഗിക വസതികളായ പൗര്‍ണമി, പ്രശാന്തി എന്നിവിടങ്ങളിലും പുതുതായി ഇപിഎബിഎക്സ് സിസ്റ്റവും ലാന്‍ ആക്സസ് പോയിന്‍റും സ്ഥാപിച്ചു. കവടിയാര്‍ ഹൗസിലെ ഇപിഎബിഎക്സ് സിസ്റ്റത്തിന്‍റെ തകരാര്‍ പരിഹരിച്ചതിന് 18,850 രൂപയും സർക്കാർ ഖജനാവിൽ നിന്ന് ചിലവായി.

