Saturday, December 20, 2025

ബീഹാറിൽ വീണ്ടും ‘ പകട്‌വ വിവാഹ്’ ! അദ്ധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു !

ബീഹാറിൽ അദ്ധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം കഴിപ്പിച്ചു. വൈശാലി ജില്ലയിലാണ് ഒരു സംഘം ആളുകൾ അദ്ധ്യാപകനായ ഗൗതം കുമാറിനെ തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിപ്പിച്ചത്. സംഘാംഗത്തിന്റെ മകളെത്തന്നെയാണ് അധ്യാപകനെക്കൊണ്ട് ബലമായി വിവാഹം കഴിപ്പിച്ചത്.

ബുധനാഴ്ച ക്ലാസെടുക്കുന്നതിനിടെ സ്‌കൂളിലെത്തിയ സംഘം ഗൗതമിനെ തട്ടിക്കൊണ്ടുപോയി. പിന്നാലെ തോക്കുചൂണ്ടി വിവാഹം കഴിപ്പിച്ചു. ബിഹാറില്‍ ഉയർന്ന ജോലിയുള്ള പുരുഷന്മാരെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിക്കുന്ന സംഭവങ്ങൾ ഇന്ന് നിത്യസംഭവമാണ് ‘ പകട്‌വ വിവാഹ്’ എന്നാണ് ഇത്തരം വിവാഹങ്ങളുടെ പേര്.കഴിഞ്ഞ വര്‍ഷം ബിഹാറിലെ ബെഗുസരായിലെ ഒരു മൃഗഡോക്ടറെ ഒരു സംഘം തട്ടിക്കൊണ്ടുപോയി വിവാഹം കഴിപ്പിച്ചിരുന്നു. ബൊകാറോ സ്റ്റീല്‍ പ്ലാന്റിലെ ജൂനിയര്‍ മാനേജരായവിനോദ് കുമാറിനെ ഒരു സംഘം തല്ലിച്ചതച്ച് കല്യാണം കഴിപ്പിച്ചത് പാറ്റ്നയിലെ പാണ്ഡരകിലാണ്.

സംഭവത്തിൽ ഗൗതമിന്റെ കുടുംബം റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചതോടെ പോലീസ് അന്വേഷണം പ്രഖ്യാപിച്ചു. രാജേഷ് റായ് എന്ന വ്യക്തിയാണ് സംഭവത്തിന് പിന്നിലെന്നാണ് ഗൗതമിന്റെ കുടുംബം ആരോപിക്കുന്നത്. രാജേഷിന്റെ മകള്‍ ചാന്ദ്‌നിയെയാണ് ഗൗതം വിവാഹം കഴിച്ചത്. വിവാഹത്തിന് സമ്മതിക്കാത്തതിനാൽ ഗൗതം ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു.

Related Articles

Latest Articles