തെക്കൻ കേരളത്തിലെ പുരാതനമായ ഒരു വനതീർത്ഥാടന കേന്ദ്രമാണ് അഗസ്ത്യാർകൂടം. പശ്ചിമ ഘട്ടത്തിൽ ആറായിരത്തിലേറെ ഉയരമുള്ള കൊടുമുടിയാണ് അഗസ്ത്യാര്കൂടം. ഈ കൊടുമുടിയുടെ ഏറ്റവും ഉയരത്തിലാണ് അഗസ്ത്യ പ്രതിഷ്ഠയുള്ളത്. ഈ അഗസ്ത്യ പ്രതിഷ്ഠയിൽ വനവാസികളാണ് സ്ഥിരമായി പൂജയും മറ്റ് ചടങ്ങുകളും നടത്താറുള്ളത്. വർഷത്തിലൊരിക്കൽ മകരവിളക്ക് മുതൽ ശിവരാത്രി വരെയുള്ള ദിവസങ്ങളിൽ വനം വകുപ്പ് നൽകുന്ന പാസിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്. വന്യമായ ഭൂപ്രകൃതിയുടെ അഗസ്ത്യ സന്നിധിയിലെത്തി പൂജകളും വഴിപാടുകളും കഴിച്ച് പ്രസാദവുമായി അനേകം ഭക്തർ മടങ്ങുന്ന പാരമ്പര്യമുണ്ട്. പക്ഷെ കഴിഞ്ഞ വര്ഷം മുതൽ പിണറായി സർക്കാർ ഈ തീർത്ഥാടനം അട്ടിമറിക്കാൻ ശ്രമിക്കുന്നു.
ട്രക്കിങ് എന്ന പേരിൽ ഭക്തർക്ക് പകരം വിനോദ സഞ്ചാരികളെ അഗസ്ത്യ സന്നിധിയിലേക്ക് കയറ്റിവിടാനും തീർത്ഥാടനം നിരുത്സാഹപ്പെടുത്താനുമാണ് സർക്കാരിന്റെ ശ്രമം. ഈ വർഷത്തെ അഗസ്ത്യാർകൂട തീർത്ഥാടനം ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ്. പരമാവധി 100 പേർക്കാണ് ഒരുദിവസം പ്രവേശനം. ബോണക്കാട്, അതിരുമല എന്നിവിടങ്ങളിൽ ഇക്കോ-ഡെവലപ്മെന്റ് കമ്മിറ്റിയുടെ കാന്റീനുകൾ ഉണ്ടാകും. വനം വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ ബുക്കിംഗ് അനുവദിക്കുക. അക്ഷയ കേന്ദ്രങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകൂടി കൊണ്ടുവരണം. 1331 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. പരമാവധി 10 പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കൂ. ദുർഘടമായ വനപ്രദേശങ്ങളിലൂടെയുള്ള യാത്ര ആയതിനാൽ നല്ല ശാരീരികക്ഷമതയുള്ളവർ മാത്രമേ പങ്കെടുക്കാവൂ. 14 വയസ്സിന് താഴെയുള്ള കുട്ടികൾ പാടില്ല. സ്ത്രീകൾക്കും അപേക്ഷിക്കാം. പ്രത്യേക പരിഗണനയുണ്ടായിരിക്കില്ല. കോവിഡ് കാലമായതിനാൽ രണ്ട് ഡോസ് വാക്സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് പകർപ്പും അല്ലെങ്കിൽ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവരെ യാത്രയ്ക്ക് അനുവദിക്കും.
ടിക്കറ്റ് പ്രിന്റൗട്ടിന്റെ പകർപ്പും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ ഒറിജിനലും സഹിതം വിതുര ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിൽ ട്രക്കിങ് ദിവസം രാവിലെ ഏഴിന് എത്തണം. എല്ലാവരും സത്യപ്രസ്താവന ഒപ്പിട്ട് നൽകണം. പത്ത് പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി വഴി ഗൈഡിനെ ഏർപ്പെടുത്തും. ഇതുവരെയുള്ള കാര്യങ്ങൾ നല്ലതാണ്. വനപ്രദേശമായതിനാൽ പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിവസ്തുക്കൾ എന്നിവ ഒപ്പം കൊണ്ടുപോകാനാവില്ല. പക്ഷെ ഈ വര്ഷം മുതൽ ഈ നിരോധിത വസ്തുക്കളോടൊപ്പം പൂജാ ദ്രവ്യങ്ങളും ചേർത്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. അതായത് ഒരു തീർത്ഥാടന കേന്ദ്രത്തെ വെറുമൊരു ട്രക്കിങ് കേന്ദ്രമാക്കാനുള്ള കമ്മ്യൂണിസ്റ്റുകളുടെ ഗൂഡാലോചനയാണിത്. മലമുകളിൽ നിന്നും ഭക്തരെ ഇറക്കിവിടുന്ന സർക്കാർ നയം പ്രതിഷേധാർഹമാണ്.

