ദില്ലി : നേരിട്ടുള്ള വിമാന സർവീസും 2020 മുതൽ നിർത്തി വച്ച കൈലാഷ് മാനസരോവർ യാത്ര പുനരാരംഭിക്കാൻ ധാരണയിലെത്തി ഭാരതവും ചൈനയും. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ ഇന്ന് നടന്ന കൂടിക്കാഴ്ചയിലാണ് സുപ്രധാന തീരുമാനം.
ഇതിന് പുറമെ നദികളുമായി ബന്ധപ്പെട്ട ജലശാസ്ത്രപരമായ വിവരങ്ങളും മറ്റ് സഹകരണവും പുനരാരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന വിദഗ്‌ധ തല യോഗം ചേരാനും ചൈന സമ്മതിച്ചെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് ഇരു രാജ്യങ്ങളും തത്വത്തിൽ സമ്മതിച്ചു. ചർച്ചകൾ പടിപടിയായി പുനരാരംഭിക്കുന്നതിനും മുൻഗണനാ മേഖലകളെ അഭിസംബോധന ചെയ്യാനും ഇരു രാജ്യങ്ങളും ധാരണയായി എന്നാണ് വിവരം.

