അഹമ്മദാബാദ് : രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി തുടങ്ങി.ആറ് പേരുടെ മൃതദേഹങ്ങളാണ് ബന്ധുക്കൾക്ക് കൈമാറിയത്. ദുരന്തത്തിൽ 294 പേർ മരിച്ചെന്നാണ് ഇതുവരെ സ്ഥിരീകരിച്ചത്. 265 മൃതദേഹങ്ങളാണ് അപകടസ്ഥലത്ത് നിന്ന് ഇതുവരെ കണ്ടെത്തിയത്. കൂടുതൽ പ്രദേശവാസികളെ കാണാനില്ലെന്നാണ് അവരുടെ ബന്ധുക്കൾ അറിയിക്കുന്നത്. ദുരന്തത്തിന്റെ ആഘാതം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി വിലയിരുത്തി. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയിൽ ഉള്ളവരെയും പ്രധാനമന്ത്രി സന്ദർശിച്ചു. ഉന്നതതല യോഗത്തിലും പ്രധാനമന്ത്രി പങ്കെടുത്തു.
സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ഇന്നലെ ഉച്ചക്ക് 1:38 ന് തകർന്നത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ യാത്രക്കാരനായ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. യാത്രക്കാരുടെ മൃതദേഹങ്ങൾ സീറ്റ് ബെൽറ്റിട്ട് സീറ്റിലിരുന്ന് കത്തിക്കരിഞ്ഞ നിലയിലാണ്.
പ്രദേശവാസികളും വിമാനം വീണ് തകർന്ന മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്ന മെഡിക്കൽ വിദ്യാർത്ഥികളാണ് മരിച്ച മറ്റുള്ളവര്‍. അപകടത്തില്‍ പരിക്കേറ്റ 12 പേരുടെ നില ഗുരുതരമായി തുടരുകയാണ്. കനത്ത ആഘാതമാണ് വിമാനം ഇടിച്ചിറങ്ങിയ ബി ജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിനുണ്ടായത്. ഇവിടെ ജീവൻ നഷ്ടമായവരിൽ എംബിബിഎസ് വിദ്യാർത്ഥികളും ഒരു പിജി റെസിഡന്റ് ഡോക്ടറും ഉള്‍പ്പെടുന്നു. 60 വിദ്യാർത്ഥികള്‍ പരിക്കേറ്റ് ചികിത്സയിലാണ്.

