രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച ഗുജറാത്ത് മുന്‍മുഖ്യമന്ത്രി വിജയ് രൂപാണി(68)യുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രാവിലെ പതിനൊന്നുമണിയോടെയാണ് ഇത് സംബന്ധിച്ചുള്ള സ്ഥിരീകരണമുണ്ടായത്. രൂപാണിയുടെ സംസ്‌കാരച്ചടങ്ങുകളുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ഉടൻ തന്നെ കുടുംബം പുറത്തുവിടുമെന്നാണ് കരുതുന്നത്.
സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യയുടെ ബോയിങ് 787 8 ഡ്രീംലൈനർ വിമാനമാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച ഉച്ചക്ക് 1:38 ന് തകർന്നത്. 625 അടി ഉയരത്തിലെത്തിയ വിമാനത്തില്‍ നിന്ന് എയര്‍ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചു. വിമാനവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സിഗ്നല്‍ ലഭിച്ചില്ല. വിമാനത്താവളത്തിന് സമീപമുള്ള ബിജെ മെഡിക്കല്‍ കോളേജിന്‍റെ ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം തകര്‍ന്നു വീണത്. ക്യാബിന്‍ ക്രൂ അംഗങ്ങളടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ യാത്രക്കാരനായ ഒരാൾ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത് എംബിബിഎസ് വിദ്യാര്‍ഥികളടക്കം 29 പ്രദേശവാസികളും അപകടത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.അതേസമയം, 32 പേരുടെ മൃതദേഹങ്ങളാണ് ഇതിനകം തിരിച്ചറിഞ്ഞിട്ടുള്ളതെന്നും ഇതില്‍ 14 മൃതശരീരങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയെന്നും അധികൃതര്‍ അറിയിച്ചു.

