അഹമ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ സ്വന്തം നാടായ പത്തനംതിട്ടയില്‍ എത്തിക്കും. സഹോദരന്റെ ഡിഎന്‍എ സാംപിള്‍ ഉപയോഗിച്ചായിരുന്നു രഞ്ജിതയുടെ മൃതദേഹം തിരിച്ചറിയാന്‍ വേണ്ട പരിശോധന നടത്തിയത്. എന്നാല്‍ ഇത് ഫലം കാണാതായതോടെ അമ്മയുടെ ഡി എന്‍ എ സാമ്പിളും പരിശോധനക്ക് എത്തിച്ചിരുന്നു. രാജ്യത്തെ ഞെട്ടിച്ച വിമാന ദുരന്തം നടന്ന് പതിനൊന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഡിഎന്‍എ പരിശോധനയിലൂടെ മൃതദേഹം തിരിച്ചറിയുന്നത്.
ഇന്ന് പുറത്തുവന്ന പരിശോധന ഫലങ്ങള്‍ ഉള്‍പ്പെടെ മരിച്ചവരില്‍ 251 പേരെ തിരിച്ചറിഞ്ഞു. അതില്‍ 245 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. കേരളത്തില്‍ സര്‍ക്കാര്‍ സര്‍വീസില്‍ നഴ്‌സായിരുന്ന രഞ്ജിത ജോലിയില്‍ നിന്നും ലീവെടുത്തായിരുന്നു വിദേശത്ത് ജോലിക്ക് പോയത്. സര്‍ക്കാര്‍ ജോലിയില്‍ പുന:പ്രവേശിക്കാനുള്ള നടപടി ക്രമങ്ങള്‍ പുര്‍ത്തിയാക്കാനായി നാട്ടിലെത്തി മടങ്ങുമ്പോഴായിരുന്നു ദുരന്തത്തിനിരയായത്.

