അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ ബോയിങ് കമ്പനിയോട് നഷ്ടപരിഹാരം തേടാന്‍ നിയമപോരാട്ടത്തിനൊരുങ്ങി ദുരന്തത്തിൽ കൊല്ലപ്പെട്ട യാത്രക്കാരന്റെ കുടുംബം. സ്വപ്‌നില്‍ സോണി എന്ന യാത്രക്കാരന്റെ സഹോദരിയായ തൃപ്തി സോണിയാണ് അമേരിക്കയില്‍ നിയമ നടപടിക്ക് ഒരുങ്ങിരിക്കുന്നത്. ഉത്പന്ന ബാധ്യത നിയമം പ്രകാരമാണ് ബോയിങ്ങിന് എതിരെ കേസ് നല്‍കുന്നതെന്ന് തൃപ്തി സോണി പറഞ്ഞു.
ഉത്പന്ന ബാധ്യതയുമായി ബന്ധപ്പെട്ട അമേരിക്കന്‍ നിയമങ്ങള്‍ കര്‍ശനമാണ്. എന്നാല്‍, അതിനുമുമ്പ്, അപകടത്തിന്റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യമാണ്. അപകടകാരണം വ്യക്തമാക്കുന്നതിനായി ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ എന്നിവയിലെ ഡാറ്റകള്‍ ആവശ്യമാണ്. വിമാനത്തിന്റെ യന്ത്രതകരാറാണ് അപകടകാരണമെങ്കില്‍ ഇരകള്‍ക്ക് ബോയിങ് യുഎസ് നിയമം അനുസരിച്ച നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട് . ഇന്ധന സംവിധാനം, ത്രോട്ടില്‍ നിയന്ത്രണം എന്നിവയില്‍ തകരാര്‍ കണ്ടെത്തിയാല്‍ അത് അമേരിക്കയിൽ ബോയിങ്ങിനെതിരെ ഒരു ഉല്‍പ്പന്ന ബാധ്യതാ കേസിലേക്കുള്ള വാതില്‍ തുറക്കും.
ജൂണ്‍ 12-ന് ആണ് 275 പേരുടെ മരണത്തിനിടയാക്കിയ വിമാന ദുരന്തമുണ്ടായത്. മരിച്ചവരില്‍ 241 പേര്‍ വിമാനത്തിനകത്തുണ്ടായിരുന്നവരും 34 പേര്‍ വിമാനം ഇടിച്ചിറങ്ങിയ കെട്ടിടത്തിലും പരിസരത്തും ഉണ്ടായിരുന്നവരും ആണ്. വിമാനത്തിലുണ്ടായിരുന്ന 242 യാത്രക്കാരില്‍ ഒരാള്‍ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു. ഡിഎന്‍എ പരിശോധനയിലൂടെ എല്ലാവരുടെയും മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചിട്ടുണ്ട്

