തിരുവനന്തപുരം: ഈ മാസം 20 മുതൽ പിഴ ചുമത്തി തുടങ്ങാനുള്ള മുൻ തീരുമാനം നടപ്പാക്കാനാകാതെ സർക്കാർ. പദ്ധതി വിവാദമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ എതിർപ്പ് ഭയന്ന് തീരുമാനം നീട്ടാനാണ് സാധ്യത. അതേസമയം എ ഐ ക്യാമറാ കരാറുകളുടെ ഭാവിതന്നെ ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. പ്രതിഷേധങ്ങൾ തണുപ്പിക്കാൻ കരാർ റദ്ദാക്കാനും സാധ്യതയുണ്ട്. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ തീരുമാനം. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കും. രേഖകളുടെ പരിശോധന തീര്‍ന്നിട്ടില്ല. മോട്ടോര്‍വാഹനവകുപ്പ്, കെല്‍ട്രോണ്‍, വിവിധ കമ്പനികളുമായുള്ള ഉപകരാറുകള്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. 800 രേഖകള്‍ ഇക്കൂട്ടത്തിലുണ്ട്. കരാര്‍ നടപ്പാക്കുന്നതില്‍ കെല്‍ട്രോണിന് വീഴ്ച സംഭവിച്ചോ, ധനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചോ, ഉപകരാര്‍ വ്യവസ്ഥകളുടെ നിയമസാധുത, ഉപകരാറുകള്‍ എടുത്ത കമ്പനികളുടെ ഈ മേഖലയിലെ പ്രാവീണ്യം, പ്രതിപക്ഷ ആരോപണം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. സര്‍ക്കാര്‍ തീരുമാനപ്രകാരം വരുന്ന 20 മുതലാണ് പിഴ ചുമത്തിത്തുടങ്ങേണ്ടത്
അതെ സമയം പ്രതിപക്ഷ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മൗനം തുടരുകയാണ്. ഇടപാടിലെ അഴിമതിസംബന്ധിച്ച് പ്രതിപക്ഷം ശക്തമായ ആരോപണം ഉന്നയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഒരു വിശദീകരണംനല്‍കാതെ അതിലേക്ക് കടക്കാന്‍ കഴിയില്ല.പൊതുസമൂഹത്തില്‍നിന്ന് എതിര്‍പ്പിനും സാധ്യതയുണ്ട്. കെല്‍ട്രോണിന്റെ ഇടപാടുകള്‍ പൊടുന്നനേ ന്യായീകരിച്ച് കുരുക്കില്‍ ചാടേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. കെല്‍ട്രോണിന്റെ ഉപകരാര്‍ കച്ചവടം നേരത്തേതന്നെ സര്‍ക്കാര്‍ വിലക്കിയതാണ്. പദ്ധതിയില്‍ ഇതുവരെ സര്‍ക്കാര്‍ തുക മുടക്കിയിട്ടില്ല. കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാര്‍പ്രകാരം കമ്പനികളാണ് ക്യാമറ സ്ഥാപിച്ച് കണ്‍ട്രോള്‍ യൂണിറ്റുകള്‍ സജ്ജീകരിച്ചത്.

