Monday, December 22, 2025

സ്റ്റാലിന്‍ തമിഴ്‌നാട്ടിലെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയെന്ന് AIADMK വക്താവ് കോവൈ സത്യന്‍ !

തമിഴ്നാട് കണ്ടതിൽ വെച്ച് ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് സ്റ്റാലിൻ എന്ന് AIADMK വക്താവ് കോവൈ സത്യൻ. അഴിമതിയെ തുടർന്ന് ജയിലിലായ മന്ത്രി സെന്തിൽ ബാലാജിയെ ഗവർണർ പുറത്താക്കിയതിനെ തുടർന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് കോവൈ സത്യൻ രൂക്ഷമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തൊഴിൽ തട്ടിപ്പ് കേസിലാണ് മന്ത്രി വി സെന്തിൽ ബാലാജി അറസ്റ്റിലായത്. സെന്തിൽ ബാലാജിക്ക് മന്ത്രിയായി തുടരാനാവില്ലെന്നും സ്റ്റാലിന്റെ ഇരട്ടത്താപ്പ് വെളിച്ചത്തു വന്നുവെന്നും കോവൈ സത്യൻ തുറന്നടിച്ചു. കാരണം പ്രതിപക്ഷത്തിരിക്കുമ്പോൾ സ്റ്റാലിന്റെ നിലപാട് വ്യത്യസ്തമായിരുന്നു. എന്നാൽ ഭരണത്തിൽ എത്തുമ്പോൾ സ്റ്റാലിന്റെ നിലപാട് മാറിയെന്നും കോവൈ സത്യൻ ആഞ്ഞടിച്ചു.

അതേസമയം, ജോലിക്ക് പണം കൈക്കലാക്കലും കള്ളപ്പണം വെളുപ്പിക്കലും ഉൾപ്പെടെ നിരവധി അഴിമതിക്കേസുകളിൽ മുൻ മന്ത്രി വി സെന്തിൽ ബാലാജിക്കെതിരെ ഗുരുതരമായ ക്രിമിനൽ നടപടികൾ നടക്കുകയാണ്. 2011-2015 കാലയളവില്‍ AIADMK മന്ത്രിസഭയില്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരിക്കെ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന ആരോപണമാണ് സെന്തില്‍ ബാലാജിക്കെതിരെയുള്ളത്. അറസ്റ്റിന് മുന്നോടിയായി സെന്തിൽ ബാലാജിയുടെ വസതിയിലും സെക്രട്ടറിയേറ്റ് ഓഫീസിലും ദേശീയ അന്വേഷണ ഏജൻസി തിരച്ചിലും നടത്തിയിരുന്നു. സെന്തിൽ ബാലാജി പണം കൈപ്പറ്റിയതിന്‌ തെളിവുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയെ അറസ്റ്റ് ചെയ്തതെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് തമിഴ്നാട് ഗവർണർ ആർ.എൻ രവി ജയിലിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിയെ മന്ത്രിസഭയിൽ നിന്ന് അടിയന്തര പ്രാബല്യത്തിൽ പുറത്താക്കിയത്. ജയിലിൽ കഴിയുന്ന മന്ത്രി സെന്തിൽ ബാലാജിയെ പുറത്താക്കിയ സംഭവത്തിൽ ഗവർണർ ആർഎൻ രവിക്കെതിരെ എംകെ സ്റ്റാലിൻ രംഗത്ത് വന്നിരുന്നു. ഗവർണറുടെ നടപടിയ്‌ക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നായിരുന്നു സ്റ്റാലിന്റെ പ്രസ്താവന. ബാലാജിയെ പുറത്താക്കാൻ ഗവണർക്ക് അധികാരമില്ലെന്നും സർക്കാർ വിഷയത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും സ്റ്റാലിൻ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് കോവൈ സത്യൻ സ്റ്റാലിനെതിരെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്.

Related Articles

Latest Articles