Sunday, December 14, 2025

കേരളത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ല !!കോൺഗ്രസ് സംസ്ഥാന ഘടകത്തിലുണ്ടായ ചേരിപ്പോരിൽ നടപടിയുമായി എഐസിസി; പാർട്ടി രഹസ്യങ്ങൾ പരസ്യപ്പെടുത്തുന്നവരെ ഉടൻ കണ്ടെത്തണമെന്ന് നിർദേശം

കേരളത്തിൽ കോൺഗ്രസ് പാർട്ടിക്കുള്ളിലുണ്ടായ ചേരിപ്പോരിൽ നടപടിയുമായി എഐസിസി. പാർട്ടിയുടെ നിർണായക യോഗങ്ങളിൽ എടുക്കുന്ന രഹസ്യ തീരുമാനങ്ങൾ ചോരുന്നുണ്ടെന്നും തെറ്റായ വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് നൽകുന്നവരെ കണ്ടെത്തി നടപടിയെടുക്കണമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ആവശ്യപ്പെട്ടു. കെപിസിസി അച്ചടക്കസമിതി അദ്ധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണന് അയച്ച കത്തിലാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്.

പാർട്ടി രഹസ്യങ്ങൾ പരസ്യപ്പെടുത്തുന്നവരെ ഉടൻ കണ്ടെത്തണമെന്നും കേരളത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ലെന്നും കത്തിൽ ദീപാ ദാസ് മുൻഷി പറയുന്നുണ്ട്.
“കേരളത്തിലെ കോൺഗ്രസ് പാർട്ടി വളരെ നിർണായകമായ ഘട്ടത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. ഈ സമയത്ത് നേതാക്കൾക്കിടയിൽ അച്ചടക്കമില്ലായ്മയും ചേരിപ്പോരും വർധിക്കുന്നത് ദോഷം ചെയ്യും. ഭാവിയിൽ ഇത്തരം പ്രവർത്തികൾ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണം. ആവശ്യമെങ്കിൽ അച്ചടക്കനടപടികൾ കൈക്കൊള്ളണം.”- കത്തിൽ പറയുന്നു

മിഷൻ 2025 ന്റെ പേരിലെ തർക്കത്തിൽ കോൺഗ്രസ് സംസ്ഥാന ഘടകം ആടിയുലകയാണ്. തിരുവനന്തപുരത്തു ഇന്ന് നടന്ന മിഷൻ 2025 യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വിട്ടുനിന്നതോടെയാണ് പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ മറനീക്കി ഒരിക്കൽ കൂടി പുറത്തുവന്നത്. പിന്നാലെ പാർട്ടിയിൽ തർക്കങ്ങളുണ്ടെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ പ്രതികരിക്കുകയും ചെയ്തിരുന്നു,

Related Articles

Latest Articles