പാരിസ്: ജനീവയിൽനിന്ന് പാരിസിലേക്കുള്ള ആകാശ യാത്രയ്ക്കിടെ കോക്പിറ്റിൽ തമ്മിലടിച്ച രണ്ടു പൈലറ്റുമാരെ എയർ ഫ്രാൻസ് സസ്പെൻഡ് ചെയ്തു. എയർബസ് എ320 വിമാനത്തിൽ ജൂണിലാണ് സംഭവം നടന്നതെന്ന് കമ്പനിയുടെ വക്താവിനെ ഉദ്ധരിച്ച് ലാ ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. പൈലറ്റുമാരുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
വിമാനം പറന്നുയർന്നതിനു തൊട്ടുപിന്നാലെ തന്നെ പൈലറ്റും കോപൈലറ്റും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. ഇരുവരും പരസ്പരം കോളറിൽ പിടിച്ച് വാക്കുതർക്കം ഉണ്ടാവുകയും ഒരാൾ മറ്റൊരാളെ തല്ലുകയും ചെയ്തുവെന്നാണ് റിപ്പോർട്ട് . പൈലറ്റുമാർ തമ്മിലുള്ള തർക്കത്തിന്റെയും തമ്മിൽത്തല്ലിന്റെയും ശബ്ദം കേട്ട് ക്യാബിൻ ക്രൂ ഓടിയെത്തുകയായിരുന്നു. ഇരുവരെയും പിടിച്ചുമാറ്റിയശേഷം ക്യാബിൻ ക്രൂവിൽ ഒരാൾ വിമാനം ലാൻഡ് ചെയ്യുന്നതുവരെ കോക്‌പിറ്റിൽ തുടർന്നു.
പ്രശ്നം പെട്ടെന്നുതന്നെ പരിഹരിച്ചെന്നും വിമാനത്തിന്റെ സുരക്ഷയെ ബാധിച്ചില്ലെന്നും വക്താവ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

