Sunday, December 21, 2025

വിമാനം വീണത് ജനവാസ മേഖലയിൽ; പതിച്ചത് സർക്കാർ മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ; രക്ഷാ ദൗത്യത്തിന് കുതിച്ചെത്തിയത് 200 ഫയർ യൂണിറ്റുകൾ

അഹമ്മദാബാദ്: അപകടത്തിൽപ്പെട്ട് എയർഇന്ത്യ വിമാനം വീണത് ജനവാസ മേഖലയിൽ. മേഘാനി നഗർ എന്ന പ്രദേശത്താണ് വിമാനം ഇടിച്ചിറങ്ങിയത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമാണിത്. സർക്കാർ മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലാണ് വിമാനം വീണത്. ഇവിടെ ഉണ്ടായിരുന്ന 20 ജൂനിയർ ഡോക്ടർമാർക്ക് പരിക്കേറ്റിട്ടുണ്ട്. അവരെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വീണയുടൻ വിമാനം കത്തിയമർന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

വിമാനത്താവളത്തിന് 15 കിലോമീറ്റെർ ചുറ്റളവിലാണ് വിമാനാപകടം ഉണ്ടായത്. അതുകൊണ്ടുതന്നെ രക്ഷാപ്രവർത്തനം വളരെവേഗം ആരംഭിക്കാൻ സാധിച്ചതായാണ് റിപ്പോർട്ട്. 200 ഫയർ യൂണിറ്റാണ് തീയണയ്ക്കാനായി അപകട സ്ഥലത്ത് എത്തിയത്. കേന്ദ്ര വ്യോമയാന സഹമന്ത്രിയും ഗുജറാത്ത് മുഖ്യമന്ത്രിയും അപകടസ്ഥലത്ത് പാഞ്ഞെത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉടൻ അഹമ്മദാബാദിൽ എത്തി ചേരും.

പറന്നുയന്നയുടൻ വിമാനം താഴേക്ക് പതിക്കുകയും കത്തിയമരുകയുമാണ് ഉണ്ടായത്. എഞ്ചിൻ തകരാണ് അപകടകാരണമെന്നാണ് പ്രാഥമികമായ വിലയിരുത്തൽ. അട്ടിമറി സാധ്യതയും പരിശോധിക്കുന്നുണ്ട്. അപകടം വിശദമായി അന്വേഷിക്കാൻ ഡി ജി സി എ ഉത്തരവിറക്കി. 230 യാത്രക്കാരും 12 ജീവനക്കാരുമടക്കം 242 പേർ വിമാനത്തിലുണ്ടായിരുന്നു. ഇതിൽ 2 കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 11 കുട്ടികളുണ്ട്. ഉച്ചയ്ക്ക് 1.39 നായിരുന്നു അപകടം.

Related Articles

Latest Articles