Sunday, December 21, 2025

ഇനി തോന്നും പോലെ വിമാനടിക്കറ്റ് നിരക്ക് വർധിപ്പിക്കാനാവില്ല ! സുപ്രധാന നീക്കവുമായി കേന്ദ്രസർക്കാർ

ദില്ലി : രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് മാനദണ്ഡങ്ങളില്ലാതെ വർധിപ്പിക്കുന്നത് തടയാൻ നീക്കവുമായി കേന്ദ്ര സർക്കാർ. വിമാന ടിക്കറ്റ് നിരക്കിലെ മാറ്റം 24 മണിക്കൂറിനകം ഡിജിസിഎയെ അറിയിച്ചാല്‍ മതിയെന്ന വ്യവസ്ഥ റദ്ദാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി കെ റാംമോഹന്‍ നായിഡു വ്യക്തമാക്കി. രാജ്യസഭയിൽ വ്യോമയാന ബില്ല് ചർച്ചയ്ക്കിടെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. തോന്നും പോലെ ഇനി നിരക്ക് വർദ്ധിപ്പിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഭാരതീയ വായുയാൻ വിധേയക് ബില്ലിലാണ് അനിയന്ത്രിത വില വർദ്ധനവ് തടയാനുള്ള നടപടി സർക്കാർ സ്വീകരിച്ചത്. 2010ലെ ഡിജിസിഎ സർക്കുലർ പ്രകാരം ഒരു മാസം മുൻപ് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് ഡിജിസിഎ അറിയിക്കണം. ഇതേ സർക്കുലറിൽ തന്നെയുള്ള വ്യവസ്ഥ പ്രകാരം ഡിജി സിഐക്ക് നൽകിയ നിരക്കിൽ വിമാന കമ്പനികൾ വരുത്തുന്ന വ്യത്യാസം 24 മണിക്കൂറിനുള്ളിൽ ഡിജിസിഎ അറിയിച്ചാൽ മതിയാകും. ഈ വ്യവസ്ഥയാണ് നീക്കം ചെയ്യുന്നതെന്ന് വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു രാജ്യസഭയെ അറിയിച്ചു.

2023-നെ അപേക്ഷിച്ച് 2024-ല്‍ വിമാനടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ടെന്നും ഉത്സവ സീസണില്‍ വിവിധ റൂട്ടുകളില്‍ വിമാന ടിക്കറ്റ് നിരക്കില്‍ കുറവുണ്ടായിട്ടുണ്ടെന്നും വിമാനനിരക്ക് യാത്രക്കാര്‍ക്ക് താങ്ങാനാവുന്നതാക്കി മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും റാംമോഹന്‍ നായിഡു പറഞ്ഞു.

അതേസമയം വിമാന ടിക്കറ്റ് നിരക്കുകള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിന്‍ കീഴില്‍ വരുന്നില്ലെന്നും നിലവിലെ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തന ചിലവുകള്‍ അടിസ്ഥാനമാക്കി കമ്പനികള്‍ക്ക് നിരക്കുകള്‍ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യമുണ്ടെന്നും വ്യോമയാന സഹമന്ത്രി മുരളീധര്‍ മോഹോല്‍ പറഞ്ഞു.

90 വര്‍ഷം പഴക്കമുള്ള എയര്‍ക്രാഫ്റ്റ് ആക്ടിന് പകരമായുള്ള പുതിയ ഭാരതീയ വായുയാന്‍ വിധേയക് 2024 ബില്ല് ഇന്നാണ് പാര്‍ലമെന്റ് പാസാക്കിയത്. വ്യോമയാന രംഗത്തെ വ്യവസായം കൂടുതല്‍ എളുപ്പമാക്കി തീര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണിത്. ശബ്ദവോട്ടോടെയാണ് രാജ്യസഭയില്‍ ബില്ല് പുതിയ പാസാക്കിയത്. ഓഗസ്റ്റ് ഒമ്പതിന് ലോക്‌സഭയും ബില്‍ ബാസാക്കിയിരുന്നു.

നിയമത്തിന്റെ പേര് ഇംഗ്ലീഷില്‍ നിന്ന് ഹിന്ദിയാക്കി മാറ്റിയതില്‍ പ്രതിഷേധം ഉയര്‍ന്നെങ്കിലും അത് ഇന്ത്യയുടെ പൈതൃകവും സംസ്‌കാരവും കാണിക്കാന്‍ വേണ്ടിയാണെന്നാണ് മന്ത്രി കെ രാംമോഹന്‍ നായിഡുവിന്റെ വിശദീകരണം. ബില്ലിന്റെ പേര് പറയാന്‍ തുടക്കത്തില്‍ പ്രയാസമായിരിക്കുമെങ്കിലും അത് ശീലമായിക്കൊള്ളുമെന്നാണ് മന്ത്രി പറയുന്നത്.

Related Articles

Latest Articles