വാരാണസി : ഭോജ്പുരി സിനിമയിലെ സ്വപ്ന നായിക എന്ന പേരിൽ അറിയപ്പെട്ടിരുന്ന നടി അകാൻഷ ദുബെ (25)യെ സാരാനാഥിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗായകൻ സമർ സിങ്ങിനും സഹോദരൻ സഞ്ജയ് സിങ്ങിനുമെതിരെ പോലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഇവർ രാജ്യം വിടാതിരിക്കാൻ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും ഇവരുടെ വിവരങ്ങൾ അയച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
നേരത്തെ മരണത്തിൽ ദുരൂഹത ആരോപിച്ച് നടിയുടെ അമ്മ മധു ദുബെ നൽകിയ പരാതിയിന്മേലാണ് പൊലീസ് സമർ സിങ്ങിനും സഞ്ജയ് സിങ്ങിനുമെതിരെ കേസെടുത്തത്. അകാൻഷയും സമറും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. കഴിഞ്ഞ മാസം 26നാണ് അകാൻഷയെ വാരണാസിയിലെ ഹോട്ടൽമുറിയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. രാത്രി ഇൻസ്റ്റഗ്രാമിൽ ലൈവായി പ്രത്യക്ഷപ്പെടുകയും പൊട്ടിക്കരയുകയും ചെയ്തതിനു പിന്നാലെയായിരുന്നു നടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അകാൻഷയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സംശയം പ്രകടിപ്പിച്ച് അമ്മയുടെ അഭിഭാഷകൻ ശശാഖ് ശേഖർ ത്രിപാഠി രംഗത്തെത്തിയിരുന്നു. ഇതു സംബന്ധിച്ച് മെഡിക്കൽ വിദഗ്ധരുടെ ഉപദേശം തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി .
സംഭവം സിബിഐയോ സിബിസിഐഡിയോ അന്വേഷിക്കണമെന്നു ത്രിപാഠി ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു. നടിയുടെ മരണം ആത്മഹത്യയല്ലെന്നും ഹോട്ടൽ മുറിയിൽ ചിലർ കൊലപ്പെടുത്തിയതാണെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് അയച്ച കത്തിൽ ത്രിപാഠി ആരോപിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷം മാത്രമേ സംസ്‌കാരം നടത്താവൂ എന്ന അമ്മയുടെ ആവശ്യം വകവയ്ക്കാതെയാണ് നടിയുടെ മൃതദേഹം ബലമായി സംസ്‌കരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

